വി.ഡി. സതീശൻ | Photo: ANI
കൊച്ചി: സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ മാത്രമാണ് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോരടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സര്‍ക്കാര്‍ എപ്പോഴെങ്കിലും പ്രതിക്കൂട്ടിലായാല്‍ ഉടന്‍ മുഖ്യമന്ത്രി- ഗവര്‍ണര്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടും. മാധ്യമങ്ങളെല്ലാം അതിന് പിന്നാലെ പോകും. എന്നിട്ട് എല്ലാം ഒത്തുതീര്‍പ്പാക്കും. ഒത്തുതീര്‍പ്പ് നടത്തിയാണ് സര്‍വകലാശാലകളെ ഒരു പരുവത്തിലാക്കിയത്. സംസ്ഥാനത്തെ സി.പി.എമ്മും കേന്ദ്രത്തിലെ സംഘപരിവാറും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെ തുടര്‍ച്ചയാണ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധമെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പി. വിരുദ്ധ ഭരണമുള്ള മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുമായി ഗവര്‍ണര്‍ ഏറ്റുമുട്ടുമ്പോള്‍ ഇവിടെ ഒത്തുതീര്‍പ്പ് മാത്രമാണ് നടക്കുന്നത്. ഗവര്‍ണറുമായി സര്‍ക്കാരിന് പ്രത്യയശാസ്ത്രപരമായ തര്‍ക്കമില്ല. അതുകൊണ്ടാണ് കേന്ദ്രത്തിനെതിരായ വിമര്‍ശനം മയപ്പെടുത്തിയുള്ള നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ക്ക് നല്‍കിയത്. ബജറ്റ് എന്നത് വെറും പ്രസംഗം മാത്രമായി ചുരുങ്ങാന്‍ പോകുകയാണ്. ബജറ്റില്‍ പറയുന്ന ഒരു പദ്ധതിയും നടപ്പാക്കാനുള്ള പണം സര്‍ക്കാരിന്റെ കൈവശമില്ല. നികുതി വരുമാനം കുറഞ്ഞും ദുര്ചെലവുകള് വര്‍ധിച്ചും ഖജനാവ് കാലിയായി. സംസ്ഥാനത്തെ എങ്ങനെ തകര്‍ക്കാം എന്നതിന്റെ ഉദാഹരണമാണ് സര്‍ക്കാരിന്റെ ധനകാര്യ മാനേജ്മെന്റെന്നും സതീശന് പറഞ്ഞു.
വികസനപ്രവര്‍ത്തനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും അവതാളത്തിലായിരിക്കുകയാണ്. കൊട്ടിഘോഷിക്കപ്പെട്ട കിഫ്ബി ഇനി വേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ബഫര്‍സോണും തീരദേശ മേഖകളിലെ വിഷയങ്ങളും സര്‍ക്കാരിന്റെ സംഭരണം തകര്‍ന്ന് തരിപ്പണമായതിനെ തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികളും സഭയില്‍ ഉന്നയിക്കും, പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തില്‍ മുഴുവന്‍ ജപ്തി നോട്ടീസുകള്‍ പ്രവഹിക്കുകയാണ്. ജനങ്ങള്‍ കടക്കെണിയിലാണ്. അതിനൊപ്പമാണ് ഭക്ഷണത്തില്‍ മായം കലര്‍ത്തുന്ന സംഭവങ്ങളും ഉണ്ടാകുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് തകര്‍ന്നു തരിപ്പണമായി. വനാതിര്‍ത്തികളില്‍ ജീവിക്കുന്നവര്‍ പ്രതിസന്ധിയിലായിട്ടും സര്‍ക്കാര്‍ കൈയ്യുംകെട്ടി ഇരിക്കുകയാണ്. അനാസ്ഥയും നിസംഗതയും കൊണ്ട് തികഞ്ഞ പരാജയായി സര്‍ക്കാര്‍ മാറി. രാഷ്ട്രീയ പോരാട്ടത്തിലുപരി ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് അതിന് പരിഹാരം കണ്ടെത്തുന്നതിനാണ് പ്രതിപക്ഷം പ്രാമുഖ്യം നല്‍കുന്നത്. എല്ലാത്തിലും വിമര്‍ശനങ്ങള്‍ മാത്രല്ല, ബദല്‍ നിര്‍ദ്ദേശങ്ങളും പ്രതിപക്ഷത്തിനുണ്ട്. ഇതെല്ലാം നിയമസഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Content Highlights: opposition leader vd satheesan on kerala budget governor cpim relations
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..