ആര്യ രാജിവെക്കണം, പിന്‍വാതില്‍ നിയമനത്തിന് CPM ഓഫീസ് കേന്ദ്രീകരിച്ച് മാഫിയാസംഘങ്ങള്‍- വി.ഡി. സതീശന്‍


ആര്യ രാജേന്ദ്രൻ, വി.ഡി. സതീശൻ | Photo: Mathrubhumi

കൊച്ചി: തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 ജീവനക്കാരുടെ നിയമനത്തില്‍ പാര്‍ട്ടിയുടെ മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്തെഴുതിയതിലൂടെ സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയര്‍ ആര്യ രാജേന്ദ്രന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. രാജിവച്ചില്ലെങ്കില്‍ മേയറെ പുറത്താക്കാന്‍ സി.പി.എം തയറാകണം. പാര്‍ട്ടിക്കാര്‍ക്കും നേതാക്കള്‍ക്കും വേണ്ടി മാത്രമുള്ള സെല്‍ ഭരണമാണ് പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണത്തില്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എസ്.എ.ടി ആശുപത്രിയിലെ ഒന്‍പത് നിയമനങ്ങള്‍ക്കായി പട്ടിക ആവശ്യപ്പെട്ട് നഗരസഭയിലെ സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍ അനില്‍ ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്തും പുറത്ത് വന്നിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും സി.പി.എം ജില്ലാ സെക്രട്ടറിമാര്‍ നല്‍കുന്ന പട്ടികയില്‍നിന്നാണ് നിയമനം നടത്തുന്നത്. സി.പി.എം. സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും പിന്‍വാതിലിലൂടെ നിയമിച്ചവര്‍ തുടരുന്നതു കൊണ്ടാണ് പി.എസ്.സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് തലവന്‍മാരും മടിക്കുന്നതെന്നും സതീശന്‍ ആരാഞ്ഞു. പി.എസ്.സി. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടി മന്ത്രിമാരുടെ വീടുകള്‍ കയറിയിറങ്ങുകയാണ്. പിന്‍വാതിലിലൂടെ കയറിയവരെ പത്ത് വര്‍ഷം കഴിയുമ്പോള്‍ സ്ഥിരപ്പെടുത്തുന്ന രീതിയാണ് സര്‍ക്കാരും സി.പി.എമ്മും ചെയ്തു കൊണ്ടിരിക്കുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു.തൊഴില്‍ ഇല്ലാത്ത ചെറുപ്പക്കാര്‍ തെക്ക് വടക്ക് നടക്കുന്ന ഒരു സംസ്ഥാനത്ത് തുടര്‍ഭരണം ലഭിച്ച ഒരു സര്‍ക്കാര്‍ ചെയ്യുന്ന വൃത്തികേടുകളാണ് മേയറുടെ കത്തിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേരളത്തില്‍ ഈ അസംബന്ധ നാടകങ്ങള്‍ നടത്തിയിട്ടാണ് മേയര്‍ ഉള്‍പ്പെടെയുള്ള ഡി.വൈ.എഫ്.ഐ. നേതാക്കള്‍ 'ഞങ്ങളുടെ തൊഴില്‍ എവിടെ?' എന്ന മുദ്രാവാക്യവുമായി ഡല്‍ഹിയില്‍ പോയി സമരം ചെയ്തത്. തൊഴിലിന് വേണ്ടി സമരം നടത്തിയവരാണ് ബന്ധുക്കളെയും പാര്‍ട്ടിക്കാരെയും നിയമിക്കുന്നത്. നഗരസഭകളിലെ നിയമനം ലോക്കല്‍ കമ്മിറ്റികള്‍ക്ക് വീതംവച്ച് കൊടുത്തിരിക്കുകയാണ്. ഇല്ലാത്ത ബസ് കാശുമുണ്ടാക്കി ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിനെത്തുന്ന പാവങ്ങളെ ഇവര്‍ വഞ്ചിക്കുകയാണ്. നേരായ മാര്‍ഗത്തിലൂടെയുള്ള നിയമനം ഒരു മേഖലയിലും നടക്കുന്നില്ല. പിന്‍വാതില്‍ നിയമനം നടത്തുന്നതിനായി സി.പി.എം. ഓഫീസുകള്‍ കേന്ദ്രീകരിച്ച് മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. പുറത്തുവരാത്ത നൂറു കണക്കിന് നിയമനങ്ങള്‍ വിവിധ ജില്ലകളില്‍ നന്നിട്ടുണ്ട്. കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ നിയമനം നടത്തിയപ്പോള്‍ ഒന്നാം റാങ്ക് നല്‍കിയത് പെരിയ കൊലക്കേസിലെ ഒന്നാം പ്രതിയുടെ ഭാര്യയ്ക്കും രണ്ടാം റാങ്ക് രണ്ടാം പ്രതിയുടെ ഭാര്യയ്ക്കുമായിരുന്നു. ചെറുപ്പക്കാരുടെ തല വെട്ടിപ്പിളര്‍ന്ന പ്രതിയുടെ വീട്ടുകാര്‍ക്ക് വേണ്ടി ജോലി റിസര്‍വ് ചെയ്തിക്കുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു.

അടുത്തിടെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കാനുള്ള തീരുമാനം സര്‍ക്കാരിന് മരവിപ്പിക്കേണ്ടി വന്നു. എന്നാല്‍ ഇത്തരമൊരു തീരുമാനത്തെ കുറിച്ച് മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ പാര്‍ട്ടി സെക്രട്ടറിക്കോ അറിയില്ലെന്നാണ് പറയുന്നത്. മന്ത്രിസഭാ യോഗമാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ തീരുമാനിച്ചത്. എന്നിട്ടും പാര്‍ട്ടിയുടേയോ സര്‍ക്കാരിന്റെയോ നയമല്ലെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ നയവിരുദ്ധ ഉത്തരവിറക്കിയ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ- എന്നും സതീശന്‍ ആരാഞ്ഞു. ഇവര്‍ ആരും അറിയാതെ ആകാശത്തുനിന്നു പൊട്ടി വീണ ഉത്തരവാണോയെന്നും സതീശന്‍ ചോദിച്ചു. എല്ലാ മേഖലകളിലും സി.പി.എം. ഇടപെടല്‍ ഉണ്ടായൊരു കാലം കേരള ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. എസ്.പിമാരെ നിയന്ത്രിക്കുന്നത് സി.പി.എം. ജില്ലാ സെക്രട്ടറിമാരും എസ്.എച്ച്.ഒമാരെ നിയന്ത്രിക്കുന്നത് ഏരിയാ സെക്രട്ടറിമാരുമാണ്. ഡി.വൈ.എഫ്.ഐ. നേതാവ് സെക്യൂരിറ്റി ഓഫീസറുടെ വാരിയെല്ല് ഒടിച്ച സംഭവം അന്വേഷിക്കാനെത്തിയ കമ്മിഷണറെ ജില്ലാ സെക്രട്ടറി വിരട്ടിയോടിച്ചു. തലശേരിയില്‍ ആറ് വയസുകാരെ ചവിട്ടിയിട്ട പ്രതിയെ വിട്ടയച്ചത് ഏത് നേതാവിന്റെ ഓഫീസില്‍ നിന്നും ആവശ്യപ്പെട്ടിട്ടാണെന്ന് പൊലീസ് വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. വിഷയം മാധ്യമങ്ങളും പ്രതിപക്ഷവും ഏറ്റെടുത്തത് കൊണ്ടുമാത്രമാണ് പ്രതിയെ വീണ്ടും പിടികൂടിയത്. എല്ലാ രംഗങ്ങളിലും പാര്‍ട്ടി ഇടപെടുകയാണ്. ചെറുപ്പക്കാരെ മുഴുവന്‍ കബളിപ്പിക്കുന്ന കാപട്യക്കാരാണിവര്‍. പാര്‍ട്ടി നേതാക്കളുടെ ഭാര്യമാരെയും ബന്ധുക്കളെയും നിയമിക്കുന്നതിന് വേണ്ടിയാണ് പാവകളായ വൈസ് ചാന്‍സിലര്‍മാരെ നിയമിച്ചത്. എല്ലായിടത്തും പിന്‍വാതില്‍ നിയമനമാണ്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ മുഴുവന്‍ ആകാശത്ത് നിര്‍ത്തിയാണ് സ്വന്തക്കാരെയും ബന്ധുക്കളെയും നിയമിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.

സര്‍വകലാശാലകളിലെ ഭരണ പ്രതിസന്ധി സര്‍ക്കാര്‍ തന്നെ സൃഷ്ടിച്ചതാണ്. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ വാചകമടി അല്ലാതെ ഒരു യുദ്ധവുമില്ല. ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ചത് വിലക്കയറ്റം ഉള്‍പ്പെടെയുള്ള ജനകീയ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നാടകമാണെന്നും സതീശന്‍ ആരോപിച്ചു.

Content Highlights: opposition leader vd satheesan demands resignation of thiruvananthapuram mayor arya rajendran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented