തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള 'മകള്‍ക്കൊപ്പം' ക്യാമ്പയിന്റെ മൂന്നാംഘട്ടം ആരംഭിക്കുന്നു. കേരളത്തിലെ വിവിധ കലാലയങ്ങളില്‍ സംവാദങ്ങളും ബോധവത്ക്കരണ പരിപാടികളുമാണ് ഈ ഘട്ടത്തില്‍ സംഘടിപ്പിക്കുക.

ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി മോഫിയ പഠിച്ചിരുന്ന തൊടുപുഴ അല്‍-അസര്‍ കോളജില്‍ നിന്നാണ് 'മകള്‍ക്കൊപ്പം' മൂന്നാംഘട്ടത്തിന് തുടക്കം കുറിക്കുന്നത്. ഡിസംബര്‍ മൂന്നിന് പ്രതിപക്ഷ നേതാവ് അല്‍ അസര്‍ കോളജിലെത്തും. 

കുട്ടികളില്‍ അത്മവിശ്വാസവും പ്രതിസന്ധികളെ മറികടക്കാനുള്ള ധൈര്യവും ഉണ്ടാക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. പെണ്‍കുട്ടികളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് ആണ്‍കുട്ടികളും പഠിക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു. വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയെ പങ്കാളിയായി കണ്ട് പരസ്പര ബഹുമാനത്തോടെ പെരുമാറാന്‍ ആണ്‍കുട്ടികള്‍ക്ക് കഴിയണം. ഇനി ഒരു കുടുംബത്തിനും സ്ത്രീധനത്തിന്റെ പേരില്‍ മകളെ നഷ്ടപ്പെടാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പൊതുപ്രവര്‍ത്തകരും പൊതുസമൂഹവും ഏറ്റെടുക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു