വി.ഡി.സതീശൻ
കണ്ണൂര്‍: അഴിമതി ആരോപണത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ഒരു ചോദ്യത്തിനുപോലും ഉത്തരംപറയാത്ത മുഖ്യമന്ത്രി, വഴിവിട്ട് കരാര്‍ നേടിയ എസ്.ആര്‍.ഐ.ടി കമ്പനിയെക്കൊണ്ട് വക്കീല്‍ നോട്ടീസ് അയപ്പിച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കൂടുതല്‍ അഴിമതിക്കഥള്‍ കൂടി പുറത്തുവന്നാല്‍ മുഖ്യമന്ത്രിക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഭീഷണിപ്പെടുത്തായാലും ആരോപണങ്ങള്‍ പിന്‍വലിക്കില്ലെന്നും ടെന്‍ഡര്‍ ഡോക്യുമെന്റിന് വിരുദ്ധമായ നടപടികളാണ് കരാറിന്റെ ആദ്യാവസാനം നടന്നിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയുള്ള മറുപടിയാണ് നോട്ടീസ് അയച്ച കമ്പനിക്ക് നല്‍കിയിരിക്കുന്നത്. കള്ളക്കമ്പനികളെക്കൊണ്ട് വക്കീല്‍ നോട്ടീസ് അയച്ച് പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ട. കോടതിയില്‍ പോയാല്‍ എല്ലാ ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കുമെന്നും സതീശന്‍ പറഞ്ഞു.
പ്രതിപക്ഷം പുറത്തുവിട്ട ഏതെങ്കിലും ഒരു രേഖ വ്യാജമാണെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ സാധിക്കുമോ? പ്രതിപക്ഷം ഉന്നയിച്ച ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കൂടുതല്‍ അഴിമതികള്‍ കൂടി പുറത്തുവരാനുണ്ട്. അതുകൂടി വന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും. കരാര്‍ നല്‍കിയത് മുഖ്യമന്ത്രിയാണ്. അതുകൊണ്ട് മുഖ്യമന്ത്രിയാണ് മറുപടി നല്‍കേണ്ടത്. അല്ലാതെ പാര്‍ട്ടി സെക്രട്ടറിയല്ല. ഒന്നും പറയാനില്ലാത്തതു കൊണ്ടാണ് മിണ്ടാതിരിക്കുന്നത്.
50 കോടി രൂപയില്‍ തീരാവുന്ന പദ്ധതിയുടെ ടെന്‍ഡര്‍ തുക 151 കോടിയായി ഉയര്‍ത്തുകയും മെയിന്റനന്‍സിനായി 66 കോടി മാറ്റിവയ്ക്കുകയും ചെയ്തു. മറ്റ് രണ്ട് കമ്പനികളുമായി ചേര്‍ന്ന് കാര്‍ട്ടല്‍ രൂപീകരിച്ച് മത്സരം ഇല്ലാതാക്കി ഉയര്‍ന്ന തുകയ്ക്കാണ് എസ്.ആര്‍.ഐ.റ്റി കരാര്‍ നേടിയെടുത്തത്. പണം മുടക്കുന്ന കമ്പനിക്ക് 40 ശതമാനം ലാഭവിഹിതം നല്‍കുമ്പോള്‍ ഒന്നും ചെയ്യാതെ മാറി നില്‍ക്കുന്ന പ്രസാഡിയോ 60 ശതമാനം ലാഭം കൈപ്പറ്റുന്നത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്. ഇങ്ങനെയുള്ള പ്രസാഡിയോയാണ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും നടത്തിയത്. മുഖ്യമന്ത്രിയുടെ ബന്ധുവും രണ്ട് യോഗങ്ങളില്‍ പങ്കെടുത്തെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ഖജനാവില്‍ നിന്നും ഒരു രൂപ പോലും നഷ്ടമായില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പറയുന്നത്. എസ്.ആര്‍.ഐ.ടിയും പ്രസാഡിയോയും റോഡപകടങ്ങള്‍ കുറയ്ക്കാന്‍ 726 ക്യാമറകള്‍ സൗജന്യമായാണോ സ്ഥാപിച്ചത്? അങ്ങനെയെങ്കില്‍ ഇരു കമ്പനികളുടെയും എം.ഡിമാര്‍ക്ക് സ്വീകരണം നല്‍കാനും ആരോപണം പിന്‍വലിക്കാനും യു.ഡി.എഫ് തയാറാണ്. ഒരു വര്‍ഷംകൊണ്ട് പിഴയായി ഈടാക്കുന്ന ആയിരം കോടി രൂപയാണ് ഈ കമ്പനികള്‍ക്ക് നല്‍കുന്നത്. ഇത് ഖജനാവിലേക്ക് പോകേണ്ട പണമാണ്.
എ.വി. ഗോവിന്ദന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ മറുപടി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിനെ പ്രസക്തിയും കര്‍ണാടകത്തിലെ വിജയവും രാഹുല്‍ ഗാന്ധിക്ക് ലഭിക്കുന്ന സ്വീകാര്യതയും കേരളത്തില്‍ യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയുമൊക്കെ സാദിഖലി തങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. അതുതന്നെയാണ് സി.പി.എമ്മിനുള്ള മറുപടി.
യു.ഡി.എഫിന്റെ ജനകീയ അടിത്തറ വിപുലമാക്കുന്നതിനുള്ള ബഹുജന സമ്പര്‍ക്ക പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. വിഷന്‍ 24 ടോപ് ഗിയറില്‍ പോകുകയാണ്. ഏതെങ്കിലും കക്ഷികളെ കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഇപ്പോള്‍ നടക്കുന്നില്ല. അതു തന്നെയാണ് രമേശ് ചെന്നിത്തലയും പറഞ്ഞത്. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. ഈ മാസം 20-ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളഞ്ഞ് സര്‍ക്കാരിനെതിരായ കുറ്റപത്രം സമര്‍പ്പിക്കും.
കോണ്‍ഗ്രസ് പുനഃസംഘടനയില്‍ കാലതാമസമുണ്ടായിട്ടുണ്ട്. പക്ഷെ, വയനാട് നേതൃസംഗമത്തില്‍ പുനഃസംഘടനയ്ക്ക് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. അത് കൃത്യമായി പാലിച്ചുകൊണ്ട് പുനഃസംഘടന പൂര്‍ത്തിയാക്കും. പാര്‍ട്ടിയുമായി എല്ലാ നേതാക്കളും സഹകരിക്കുന്നുണ്ട്. നേതാക്കള്‍ തമ്മിലുള്ള ഐക്യം താഴേത്തട്ടിലേക്കുമെത്തും. സി.പി.എമ്മിലേതു പോലെ പോക്കറ്റില്‍ നിന്നെടുക്കുന്ന പേപ്പര്‍ വായിക്കുന്നതല്ല കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും തീരുമാനമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
Content Highlights: opposition leader vd satheesan against cm pinarayi vijayan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..