തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ 'മകള്‍ക്കൊപ്പം' എന്ന കാമ്പയിനുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്ത്രീധന പീഡനങ്ങളുടെ പേരില്‍ കേരളം അപമാനഭാരത്താല്‍ തലതാഴ്ത്തി നില്‍ക്കുകയാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. 

വിവാഹം നടത്തി കടക്കെണിയിലായ സ്വന്തം വീട്ടിലേക്കു തിരിച്ചെത്തി അവര്‍ക്കു വീണ്ടും ഭാരമാകരുത് എന്നു കരുതിയാണ് പല പെണ്‍കുട്ടികളും ആത്മഹത്യയില്‍ അഭയം തേടുന്നത്. പ്രതിസന്ധികള്‍ ഒറ്റയ്ക്കു നേരിടാന്‍ കഴിയാത്തതും കാരണമാണ്. സ്ത്രീധനം നല്‍കി വിവാഹം കഴിക്കില്ലെന്ന് ഓരോ പെണ്‍കുട്ടിയും, അങ്ങനെ വിവാഹം നടത്തില്ലെന്ന് ഓരോ കുടുംബവും തീരുമാനിക്കണമെന്നും വി.ഡി.സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'മകള്‍ക്കൊപ്പം' കാമ്പയിന്റെ ഭാഗമായി സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖരെയും മഹിളാ- യുവജന പ്രസ്ഥാനങ്ങളെയും അണിനിരത്തി സ്ത്രീധനത്തിനെതിരായ പ്രചാരണം ശക്തമാക്കാനാണ് തീരുമാനം.

Content Highlights: opposition leader V D Satheeshan starts campaign against dowry harassment