തിരുവനന്തപുരം:കെ.പി.സി.സി. പ്രസിഡന്റായി കെ.സുധാകരന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയതിനെതിരേയുളള വിമര്‍ശനത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കെ.പി.സി.സി ആസ്ഥാനത്തെ തിരക്കൊഴിവാക്കാന്‍ പരമാവധി ശ്രമിച്ചിരുന്നതായും കെ.പി.സി.സി ഓഫീസിന്റെ ഗേറ്റ് വരെ അടച്ച് തിരക്കൊഴിവാക്കാന്‍ ശ്രമം നടത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. 

'പ്രവര്‍ത്തകര്‍ സുധാകരന്‍ അധികാരം ഏറ്റെടുക്കുന്നതിന്റെ ആവേശത്തിലായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഡി.സി.സി പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍  തലസ്ഥാനത്ത് എത്തിയിരുന്നു.  ആളുകളെ നിയന്ത്രിക്കാനായി വാതിലിന് സമീപം ആള്‍ക്കാരെ നിര്‍ത്തിയിരുന്നു. പരമാവധി ആള്‍ക്കാരെ നിയന്ത്രിക്കാന്‍ ശ്രമിച്ചതാണ്.'- വി.ഡി സതീശന്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരന്‍ ചുമതലയേറ്റടുക്കുന്ന ചടങ്ങിലുണ്ടായ തിരക്ക്  വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ചടങ്ങില്‍ സാമൂഹിക അകലം പാലിക്കാത്തതിന് പ്രാദേശിക നേതാക്കളടക്കം നൂറോളം ആളുകളുടെ പേരില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പോലീസ് കേസെടുത്തിരുന്നു. 

വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. കുറേക്കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു എന്നാണ് വ്യക്തിപരമായ അഭിപ്രായം. കേസെടുത്തതിന് എതിരല്ലെന്ന് പറഞ്ഞ സതീശന്‍ ഏകപക്ഷീയമാകരുതെന്നും അഭിപ്രായപ്പെട്ടു. പുന്നപ്രയിലും പി.കെ.കുഞ്ഞനന്തന്റെ മരണാനന്തര ചടങ്ങിലും കേസെടുത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ചെന്നിത്തലയുടെ പരാമര്‍ശത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയത്തില്‍ ഇതെല്ലാം സ്വാഭാവികമാണെന്നായിരുന്നു സതീശന്റെ മറുപടി. വിശ്വസിച്ചവര്‍ എല്ലായ്‌പ്പോഴും കൂടെ ഉണ്ടാകണമെന്നില്ല. അവര്‍ക്കും  അഭിപ്രായങ്ങളുണ്ടാകാമെന്നും സതീശന്‍ പറഞ്ഞു.