തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ റിക്രൂട്ട്മെന്റ് ബോര്‍ഡുണ്ടാക്കി സുതാര്യമാക്കണമെന്നാണ് യു.ഡി.എഫ് നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നതെന്നും അന്നത് മനസിലാക്കാതിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇപ്പോഴെങ്കിലും ബോധോദയമുണ്ടായത് നല്ല കാര്യമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ലീഗിനു മീതെ വര്‍ഗീയത അടിച്ചേല്‍പ്പിക്കാനാണ് സി.പി.എം ഇപ്പോള്‍ ശ്രമിക്കുന്നത്. ഈ വിഷയത്തില്‍ എന്ത് വര്‍ഗീയതയാണുള്ളതെന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും വ്യക്തമാക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

വീണ്ടും ചര്‍ച്ച നടത്താമെന്നതും സ്വാഗതാര്‍ഹമാണ്. നിയമസഭയില്‍ വിശദമായ ചര്‍ച്ച നടന്നപ്പോള്‍ സമസ്ത നേതാക്കള്‍ ഉള്‍പ്പെടെ ഉന്നയിച്ച കാര്യങ്ങള്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. എന്നാല്‍ അതൊന്നും പരിഗണിക്കാതെ നടപ്പാക്കുമെന്ന പിടിവാശിയിലായിരുന്നു സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക ബില്‍ പിന്‍വലിച്ചതു പോലെ വഖഫ് നിയമന ബില്ലും നിയമസഭ ചേര്‍ന്ന് പിന്‍വലിക്കേണ്ടി വരും.

ഏതെങ്കിലും മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കു വേണ്ടി മാത്രം പി.എസ്.സി വിജ്ഞാപനം ഇറക്കുന്നത് നിയമവിരുദ്ധവും അധാര്‍മ്മികവുമാണ്. ഹിന്ദുക്കള്‍ അല്ലാത്തവരെ ദേവസ്വം ബോര്‍ഡില്‍ നിയമിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡുണ്ടാക്കിയത്. അതുപോലെ വഖഫ് ബോര്‍ഡ് നിയമനങ്ങളും റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴിയാക്കണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെട്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള സര്‍ക്കാരും മുഖ്യമന്ത്രിയും നിഷ്‌ക്രിയമാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു. മേല്‍നോട്ട സമിതി യോഗം ചേരണമെന്നു പോലും ആവശ്യപ്പെടാത്ത കേരള സര്‍ക്കാര്‍ കൈയ്യുംകെട്ടി നോക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി ആരുമായും ചര്‍ച്ച നടത്തുന്നില്ല. മിണ്ടാതിരുന്ന് യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. 

മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ അനുമതി നല്‍കിയതും മേല്‍നോട്ട സമിതിയില്‍ തമിഴ്നാടിന് അനുകൂലമായി തീരുമാനമെടുത്തതും സുപ്രീം കോടതിയില്‍ കേരളത്തിന്റെ കേസ് ദുര്‍ബലമാക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതും രാത്രിയില്‍ വെള്ളം തുറന്നു വിടുന്നതിനെ എതിര്‍ക്കാത്തതും ആരെ ഭയന്നിട്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒളിച്ചോടുന്ന മുഖ്യമന്ത്രി, ജനങ്ങളെ നേരിട്ടു ബാധിക്കുന്ന മുല്ലപ്പെരിയാര്‍ വിഷയത്തിലെങ്കിലും തീരുമാനങ്ങളെടുക്കണം. 

തമിഴ്നാട് ജലം തുറന്നുവിടുന്നത് വേദനാജനകമാണെന്ന ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണ്. വെള്ളം തുറന്നു വിടുന്നത് മുന്‍കൂട്ടി അറിയിക്കുമെന്നും രാത്രികാലങ്ങളില്‍ ഷട്ടര്‍ തുറക്കില്ലെന്നും കേരള, തമിഴ്നാട് പ്രതിനിധികള്‍ അംഗമായുള്ള ഡാം മേല്‍നോട്ട സമിതിയില്‍ ധാരണയുണ്ട്. എന്നാല്‍ തുടര്‍ച്ചയായി രാത്രികാലങ്ങളില്‍ തമിഴ്നാട് വെള്ളം തുറന്നുവിടുകയാണ്. അതിനെതിരെ പ്രതികരിക്കാനോ തമിഴ്നാട് മുഖ്യമന്ത്രിയുമായി സംസാരിക്കാനോ കേരള മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ലെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.