
രമേശ് ചെന്നിത്തല| Photo: Mathrubhumi
തിരുവനന്തപുരം: സി.ബി.ഐയെ വിലക്കണമെന്ന സംസ്ഥാന സര്‍ക്കാരിനോടുള്ള സി.പി.എം. ആവശ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയിലേക്ക് സി.ബി.ഐ. എത്തുന്നു എന്ന് കണ്ടപ്പോള്‍, അദ്ദേഹത്തെ രക്ഷിക്കാനാണ് സി.ബി.ഐയെ വിലക്കാനുള്ള തീരുമാനമെന്ന് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി മുഴുവന്‍ മുഖ്യമന്ത്രിയുടെ അറിവും സമ്മതത്തോടും കൂടി ഉണ്ടായിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ഇത് ഒപ്പു വെച്ചത്. ആ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് കണ്ടപ്പോഴാണ് ഇപ്പോള്‍ ഇടതു മുന്നണി നേതാക്കന്മാരുടെ നെഞ്ചിടിപ്പ് വര്‍ധിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഇത് അഴിമതി മൂടിവെക്കാനുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ സി.ബി.ഐയെ വിലക്കിയിട്ടുണ്ടല്ലോ എന്നുള്ളതാണ് ചോദ്യം. രാഷ്ട്രീയ പകപോക്കലോടു കൂടി നടന്നിട്ടുള്ള കേസുകളെ സംബന്ധിച്ചാണ് അത്. കേരളത്തിലേത് അഴിമതിയുമായി ബന്ധപ്പെട്ട കേസാണ്. മാത്രമല്ല, കേരളത്തിലെ മുഖ്യമന്ത്രി തന്നെയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതി സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസുകളെല്ലാം സി.ബി.ഐ. ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.
അങ്ങനെ മുഖ്യമന്ത്രി കത്തെഴുതിയതിന്റെ വെളിച്ചത്തിലാണ് ഇ.ഡി., കസ്റ്റംസ്, സി.ബി.ഐ. എന്നിവര്‍ വിവിധ തലങ്ങളില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. ആ കേസ് മുഖ്യമന്ത്രിയിലേക്ക് വരുന്നു, മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ പോകുന്നു എന്ന് വരുമ്പോഴാണ് സി.പി.എമ്മിന് ഹാലിളകിയിരിക്കുന്നത്. സി.പി.എമ്മിന്റെ ആജ്ഞകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന സി.പി.ഐ. അതിനെ പിന്തുണയ്ക്കുന്നെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അഴിമതിക്കേസുകള്‍ അന്വേഷിക്കണ്ട എന്ന നിലപാട് സി.പി.എം. എടുത്തിരിക്കുന്നത് ആത്മഹത്യാപരമാണ്. ഇത് ജനങ്ങള്‍ക്ക് ദഹിക്കാത്ത കാര്യമാണ്. ഈ നടപടിക്കെതിരെ ജനങ്ങള്‍ രംഗത്തു വരുമെന്നതില്‍ സംശയം വേണ്ട. എല്ലാ അഴിമതികളെയും മൂടിവെക്കാന്‍ എല്ലാ അഴിമതിക്കാരെയും സംരക്ഷിക്കാന്‍ അഴിമതിക്കാര്‍ക്ക് താവളം ഒരുക്കാനാണ് ഇന്ന് മുഖ്യമന്ത്രിയും ഇടതുമുന്നണിയും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
അതുകൊണ്ട് ഈ തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. ഇത് വലിയ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലും സംസ്ഥാനത്തും ഉണ്ടാക്കാന്‍ പോന്ന തീരുമാനമായിരിക്കും. എല്ലാ അഴിമതിക്കാര്‍ക്കും കുട പിടിക്കുന്ന ഒരു സര്‍ക്കാരും മുന്നണിയുമായി എല്‍.ഡി.എഫ്. മാറിക്കഴിഞ്ഞു. അതിന് എതിരെയുള്ള ശക്തമായ ജനവികാരം സംസ്ഥാനത്തുണ്ടാകും.
സി.ബി.ഐ. അന്വേഷണത്തെ വഴിമുടക്കാനായി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഫയലുകള്‍ രാത്രിയില്‍ എടുത്തുകൊണ്ടുപോയി. സി.ബി.ഐയുടെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത തരത്തില്‍ നിരന്തരമായ തടസ്സം സൃഷ്ടിക്കലാണ് സര്‍ക്കാര്‍ ചെയ്തത്. അപ്പോള്‍ എല്ലാ അഴിമതിക്കാരെയും സംരക്ഷിക്കുന്ന ഈ സര്‍ക്കാരിന്റെ നടപടിയുടെ ഒരു ഭാഗമായി വേണം ഇന്നലെ സി.പി.എം. എടുത്തിട്ടുള്ള തീരുമാനം. സംസ്ഥാന സര്‍ക്കാരിന് വിവേകമുണ്ടാവട്ടെ എന്നാണ് തനിക്ക് പറയാനുള്ളതെന്നും ഈ നടപടിയില്‍നിന്ന് പിന്തിരിയണമെന്നാണ് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
content highlights: opposition leader ramesh chennithala criticises cpm over their stand on cbi enquiry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..