തിരുവനന്തപുരം: ബിജെപിയില്‍ ചേരുന്നതിന് ഒരു കോടി കോഴ വാഗ്ദാനം ചെയ്തുവെന്ന പട്ടേല്‍ സംവരണ നേതാവ് നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തല്‍ ബിജെപിയുടെ തനിനിറം പുറത്ത് കൊണ്ടുവന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

പണം കൊടുത്ത് ജനങ്ങളെ പാട്ടിലാക്കുകയും വോട്ട് കച്ചവടം നടത്തുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് അവര്‍ ഈ നീക്കത്തിലൂടെ തെളിയിച്ചു. 

ക്യാഷ് ലെസ് ഇന്ത്യയാണ് തങ്ങള്‍ വിഭാവനം ചെയ്യുന്നത് പറഞ്ഞ് നോട്ടു നിരോധനം അടിച്ചേല്‍പ്പിക്കുകയും, പിന്നീട് തങ്ങളുടെ പാര്‍ട്ടിയില്‍ ചേരാന്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് ചാക്കുകണക്കിന് പണം നല്‍കുകയും ചെയ്യുന്ന രാഷ്ട്രീയ കാപട്യമാണ് ബി.ജെ.പി കാണിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. 

ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യന്‍ ജനാധിപത്യത്തിന് തീരാ കളങ്കമായിമാറിയിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാനും, തങ്ങള്‍ക്കൊപ്പമെത്തിക്കാനും ബിജെപി വന്‍ തോതില്‍ പണം ഒഴുക്കുന്നുണ്ട്. ആയിരക്കണക്കിന് കോടിരൂപ അനധികൃതമായി ബിജെപി നേതാക്കള്‍ കൈവശം വച്ചിരിക്കുന്നുവെന്ന വാര്‍ത്തകള്‍ നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തലിലൂടെ സാധൂകരിക്കപ്പെടുകയാണ്.

നോട്ടു നിരോധനം മൂലം രാജ്യത്തെ ദശലക്ഷക്കണക്കിന് സാധാരണ ജനങ്ങള്‍ വലയുമ്പോള്‍ പാര്‍ട്ടിയിലേക്ക് ആളെകൂട്ടാന്‍ കോടികള്‍ കുത്തിയൊഴുക്കുകയാണ്. ബിജെപി നേതാക്കള്‍ കൈവശം വച്ചിരിക്കുന്ന അനധികൃത പണത്തെക്കുറിച്ച് എന്‍ഫോഴ്സ്മെന്റും, ഐബിയും അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

തൊഴിലിനും വിദ്യാഭ്യാസത്തിനും സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ വിഭാഗം നടത്തിയ സമരത്തിലെ നായകനായിരുന്ന ഹാര്‍ദ്ദിക് പട്ടേലിന്റെ അടുത്ത അനുയായിയാണ് ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ച നരേന്ദ്ര പട്ടേല്‍.