വി.ഡി. സതീശൻ, പിണറായി വിജയൻ | ഫോട്ടോ: മാതൃഭൂമി, PTI
കൊച്ചി: കെ-ഫോൺ പദ്ധതിയിൽ സർക്കാരിനെതിരെ ആരോപണങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒ.പി.ജി. കേബിളുകൾ സ്ഥാപിച്ചത് വ്യവസ്ഥകൾക്ക് വിരുദ്ധമായാണെന്ന് അദ്ദേഹം ആരോപിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ നിർമിത കേബിളുകൾ ഉപയോഗിക്കണമെന്നായിരുന്നു വ്യവസ്ഥയെന്ന് വി.ഡി. സതീശൻ പറഞ്ഞു. എന്നാൽ നിലവിൽ ഉപയോഗിച്ചിരിക്കുന്നത് ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത കേബിളുകളാണ്. ഇവയുടെ ഗുണമേന്മയിൽ ഒരുറപ്പുമില്ല. പദ്ധതി ഏറ്റെടുത്ത കമ്പനി മൂന്ന് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ട്. ഇത് കെ-ഫോണിനും വൈദ്യുതി ബോർഡിനുമറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന ശിവശങ്കറാണ് ഒരു കത്തിലൂടെ 500 കോടി രൂപയുടെ അധിക ബാധ്യത പദ്ധതിയിലുണ്ടാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2021-ൽ കെ-ഫോൺ ഉദ്ഘാടനം ചെയ്തതാണ്. ഇപ്പോൾ വീണ്ടുമൊരു ഉദ്ഘാടനം നടത്തുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന കാലത്താണ് കെ-ഫോൺ ഉദ്ഘാടനത്തിന് 4.35 കോടി രൂപ ചിലവാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ കുടുംബം ആരോപണവിധേയരായി നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ മറ്റുള്ള മന്ത്രിമാർ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്നാണ് കുടുംബത്തിലെ അംഗമായ മന്ത്രി റിയാസ് പറയുന്നത്. അഴിമതിയെ സംരക്ഷിക്കാനിറങ്ങാത്ത മന്ത്രിമാർക്കെതിരായ ഭീഷണിയാണ് റിയാസ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണ് കെ-ഫോണും അഴിമതി ക്യാമറയും. സാധാരണക്കാരന്റെ പോക്കറ്റ് അടിക്കുന്ന നടപടിയാണ് അഴിമതി ക്യാമറയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Opposition leader alleges corruption in the k-fon project
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..