തിരുവനന്തപുരം: അനുപമ വിഷയത്തില്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി നിയമസഭയില്‍ പ്രതിപക്ഷം. സര്‍ക്കാരും ശിശുക്ഷേമസമിതിയും ചേര്‍ന്ന് ആസൂത്രിതമായി നടപ്പിലാക്കിയ ഹീനമായ ദുരഭിമാന കുറ്റകൃത്യമാണിതെന്നും പ്രതിപക്ഷം ആരോപിച്ചു. ആഭ്യന്തരവകുപ്പിന്റെ തലവനായ മുഖ്യമന്ത്രിക്ക് തല താഴ്തിയല്ലാതെ കേരളത്തിലെ അമ്മമാരുടെ മുന്നില്‍ നില്‍ക്കാനാവില്ലെന്ന് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിക്കൊണ്ട് കെ.കെ.രമ കുറ്റപ്പെടുത്തി. അനുപമയുടെ അച്ഛന്റെ ഭരണ, രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തിന് മുമ്പില്‍ പേരൂര്‍ക്കട പോലീസ് നട്ടെല്ലുവളച്ച് നിന്നുവെന്നും നിയമപരമായി പ്രവര്‍ത്തിക്കേണ്ട ശിശുക്ഷേമസമിതി ഗുരുതരമായ അനാസ്ഥ വിഷയത്തില്‍ കാണിച്ചുവെന്നും ഇത് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്നും കെ.കെ.രമ നിയമസഭയില്‍ പറഞ്ഞു. ഇതിനിടെ കെ.കെ.രമയുടെ അടിയന്തരപ്രമേയം സ്പീക്കര്‍ ഇടപെട്ട് നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സ്പീക്കറുടെ ഡയസിനടുത്തെത്തി പ്രതിഷേധിച്ചു.

കെ.കെ രമ പറഞ്ഞത്

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ മൂന്നുദിവസം മാത്രം പ്രായമുണ്ടായിരുന്ന ഒരു പിഞ്ചുകുഞ്ഞിനെ അമ്മയുടെ സമ്മതമില്ലാതെ ദത്തുനല്‍കാന്‍ ശിശുക്ഷേമ സമിതിയും ശിശുക്ഷേമ കമ്മിറ്റിയും നടത്തിയ അനധികൃതമായ ഇടപെടലും കുട്ടിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയില്‍ ആറുമാസക്കാലം എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെ പോലീസ് നടത്തിയ ഒത്തുകളിയും ഉന്നതരാഷ്ട്രീയ ഭരണതല ഗൂഢാലോചനയും മൂലം ഈ കേരള സമൂഹത്തിലുണ്ടായിരിക്കുന്ന ആശങ്കയാണ് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ക്രൂരമായ ദുരഭിമാന കുറ്റകൃത്യത്തിന്റെ ഇരയാണ് പേരൂര്‍ക്കടയിലെ അനുപമയും കുഞ്ഞും. ശിശുക്ഷേമ സമിതിയും കമ്മിറ്റിയും പോലീസും ഡിജിപിയും മുഖ്യമന്ത്രിയുടെ ഓഫീസും എല്ലാം ഉള്‍പ്പെട്ട ഭരണകൂടം ഒന്നടങ്കം സംഘടിതമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ദുരഭിമാന കുറ്റകൃത്യമാണ് ഇത്. പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് നാടുകടത്തിയ ക്രൂരകൃത്യം മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. സ്വന്തം അമ്മയുണ്ടായിട്ട് വളര്‍ത്തുമകനായി മുലപ്പാല്‍ ചുരത്തുന്ന അമ്മയുണ്ടായിട്ടും പൊടിപ്പാല്‍ കുടിക്കാന്‍ നിര്‍ബന്ധിതനായ നാഥനുണ്ടായിട്ടും അനാഥനാക്കി മാറ്റപ്പെട്ട പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍ കേട്ട് കേരളം വേദനിക്കുകയാണ്. അനുപമയോടും കുഞ്ഞിനോടും മാത്രമല്ല ക്രൂരകൃത്യം ചെയ്തിരിക്കുന്നത് ആന്ധ്രയിലുള്ള ദമ്പതിമാരോട് തട്ടിപ്പ് അറിയാതെ ദത്തെടുത്ത അവരോട് ചെയ്തത് സമാനതകളില്ലാത്ത ക്രൂരത.

ഹീനവും നികൃഷ്ടവുമായ കുറ്റകൃത്യം. കുടുംബത്തിനൊപ്പം കുറ്റകൃത്യത്തിന് സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും കൂട്ടുചേര്‍ന്നു എന്നതാണ് ജനാധിപത്യവാദികളെ ഞെട്ടിപ്പിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണം നടത്തണം. ശിശുക്ഷേമ സമിതി പിരിച്ചുവിടണം. എല്ലാത്തിനും ചുക്കാന്‍പിടിച്ചത് അനുപമയുടെ സ്വന്തം പിതാവും സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗവുമായ ജയചന്ദ്രന്‍ തന്നെയാണ്. പാര്‍ട്ടി സ്ഥാനങ്ങളും അധികാരങ്ങളും ഉപയോഗിച്ച് സ്വാധീനിച്ച് രായ്ക്കുരാമാനം കുഞ്ഞിനെ നാടുകടത്തി. ശ്രീമതി ടീച്ചര്‍ പരസ്യമായി പറഞ്ഞു ഞാന്‍ തോറ്റുപോയി. ടീച്ചറെ ആരാണ് തോല്‍പിച്ചത് ഭരണകൂടമാണോ പോലീസ് സംവിധാനമാണോ. പരാതികൊടുക്കാന്‍ ചെന്ന അനുപമയോട് നിന്റെ കുട്ടിയാണ് എന്നതിന് എന്താണ് തെളിവ് എന്നാണ് പോലീസ് ചോദിച്ചത്‌.

 ആരോപണവിധേയനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ജയചന്ദ്രന്റെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനത്തിന് മുന്നില്‍ പോലീസിന്റെ ആഭ്യന്തര വകുപ്പിന്റെ നട്ടെല്ല് വളഞ്ഞിരിക്കുകയാണ്. പോലീസിനെ വിമര്‍ശിച്ച് അവരുടെ ആത്മവീര്യം കെടുത്തരുത് എന്നാണ് നമ്മുടെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ബഹുമാനപ്പെട്ട കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ ആഭ്യന്തര വകുപ്പ് തലവന് തലതാഴ്ത്തിയല്ലാതെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കണ്ണീരിന് മുന്നില്‍ നില്‍ക്കാനാവില്ല. മനസ്സിനെ മരവിപ്പിക്കുന്ന കൊടുംക്രൂരതകള്‍ കണ്‍മുന്നില്‍ കാണുമ്പോഴും ഞെട്ടലുണ്ടാക്കുന്നത് ഓരോരുത്തരുടെയും മാനസികാവസ്ഥയ്ക്ക് അനുസരിച്ചാണ് എന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അഭിപ്രായം എന്റെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ടെന്നും രമ പറഞ്ഞു.

ശിശുക്ഷേമ സമിതി നിയമപരമായുള്ള നടപടി ക്രമങ്ങള്‍ പാലിച്ചാണ് ദത്ത് നല്‍കിയതെന്നായിരുന്നു ഇതിന് മറുപടിയായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചത്. ദത്ത് നല്‍കിയ കുട്ടി അനുപമയുടെ കുട്ടിയാണോ എന്ന് അറിയില്ലെന്നായിരുന്നു മന്ത്രി പറഞ്ഞു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും വളര്‍ത്താന്‍ തയ്യാറെങ്കില്‍ കുട്ടി അമ്മയ്‌ക്കൊപ്പമാണ് ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു. ശിശുക്ഷേമ സമിതിയെ വെള്ളപൂശി അവരെ കുറ്റകൃത്യത്തില്‍ നിന്ന് മോചിപ്പിക്കാനാണ് മന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി. കെ.കെ.രമയ്ക്ക് മറുപടി നല്‍കാന്‍ സമയം നല്‍കാതിരിക്കുകയും മൈക്ക് ഓഫ് ചെയ്യുകയും ചെയ്ത സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി.

Content Highlights: Opposition lashes out at government on anupama case at assembly, K K  Rama lashes out at CM