തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. കേസിലെ പ്രതികളിലൊരാളും നിലവിലെ വിദ്യാഭ്യാസമന്ത്രിയുമായ വി.ശിവന്‍കുട്ടി രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇന്നു നടക്കുന്ന സഭാസമ്മേളനം ശിവന്‍കുട്ടിയുടെ രാജിവിഷയത്തെ ചൊല്ലി പ്രക്ഷുബ്ധമായേക്കും. വിഷയം സഭയ്ക്കുള്ളിലും പുറത്തും ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം.

ശിവന്‍കുട്ടിയുടെ രാജി വിഷയം അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം ശിവന്‍കുട്ടിയെ പ്രതിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വിശദീകരിക്കും. നിയസഭാ കയ്യാങ്കളിക്കേസില്‍ പ്രതികളായ ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള ആറുപേര്‍ ക്രിമിനല്‍ വിചാരണ നേരിടണം എന്നായിരുന്നു സുപ്രീം കോടതിവിധി. കേസ് പിന്‍വലിക്കണമെന്ന സംസ്ഥാനസര്‍ക്കാര്‍ ഹര്‍ജി കോടതി തള്ളി. 

രാജി ആവശ്യം കടുപ്പിക്കാന്‍ പ്രതിപക്ഷം

ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് ഇന്നു രാവിലെ പത്തിന് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കളക്ടേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. മുപ്പതാം തിയതി മണ്ഡലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തും അതേസമയം ജനകീയ വിചാരണയടക്കമുള്ള പ്രതിഷേധങ്ങളുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്. ബി.ജെ.പിയും ശിവന്‍കുട്ടിയുടെ രാജിയാവശ്യം ഉന്നയിച്ചിട്ടുണ്ട്.

ശിവന്‍കുട്ടിയെ സംരക്ഷിക്കാന്‍ സര്‍ക്കാരും സി.പി.എമ്മും

സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ശിവന്‍കുട്ടി രാജിവെക്കില്ല. വിധി എതിരായാല്‍ രാജി വേണ്ടെന്ന തീരുമാനം സി.പി.എം. നേരത്തെ എടുത്തിരുന്നു. വിധി വന്നതിനു ശേഷവും മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ സാഹചര്യങ്ങള്‍ വിലയിരുത്തി മുന്‍തീരുമാനത്തില്‍ മാറ്റം വേണ്ടെന്ന നിലപാട് എടുക്കുകയുമായിരുന്നു. വിധി അംഗീകരിക്കുന്നുവെന്നും രാജി വെക്കേണ്ടതില്ലെന്നുമായിരുന്നു കോടതിവിധിക്കു പിന്നാലെ ശിവന്‍കുട്ടിയുടെ പ്രതികരണം. 

content highlights: opposition demands resignatin of v sivankutty