തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജി ഒരു ധാര്‍മികതയും ഉയര്‍ത്തിപ്പിടിച്ചല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നില്‍ക്കകള്ളിയില്ലാതെയും മറ്റ് മാര്‍ഗങ്ങളില്ലാതായതിനേയും തുടര്‍ന്നാണ് രാജി. പൊതു ജന സമ്മര്‍ദ്ദവും പൊതുജന അഭിപ്രായവും ശക്തമായി ഉയര്‍ന്നുവന്നതിന്റെ പേരിൽ ജലീൽ രാജിവയ്ക്കുകയായിരുന്നുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. 

ധാര്‍മികതയുണ്ടായിരുന്നുവെങ്കില്‍  ഹൈക്കോടതിയില്‍ പോയി  സ്‌റ്റേ വാങ്ങിക്കാനുള്ള നീക്കം നടത്തിയത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. ഇവിടെ ധാര്‍മികത പ്രസംഗിക്കാന്‍ സിപിഎമ്മിന് എന്ത് അധികാരമാണ് ഉള്ളത് ധാര്‍മികതയുണ്ടായിരുന്നേല്‍ മൂന്ന് ദിവസം കാത്തിരിക്കേണ്ട കാര്യമുണ്ടായിരുന്നോ. ലോകായുക്തയുടെ വിധി വന്നശേഷം രാജിവയ്ക്കുന്ന പ്രശ്‌നമില്ലെന്നാണ് നിയമമന്ത്രി പറഞ്ഞത്. ബന്ധുക്കളെ നിയമിക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നാണ് പറഞ്ഞത്.  പാര്‍ട്ടി സെക്രട്ടറിയറ്റ് അംഗം കൂടിയായ എ.കെ ബാലന്റെ അഭിപ്രായം വ്യക്തിപരമാണെന്ന് കണക്കാക്കാന്‍ കഴിയില്ല. 

ഇപ്പോള്‍ ധാര്‍മfകത ഉയര്‍ത്തിപ്പിടിക്കുന്നത് പ്രത്യേക കഴിവാണ്. ലോകായുക്ത തീരുമാനം വന്ന ഉടന്‍ രാജി വെച്ചിരുന്നേല്‍ ധാര്‍മികത എന്ന് പറയാമായിരുന്നു.  മൂന്നാല് ദിവസക്കാലം രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും നോക്കി അവസാനം പാര്‍ട്ടിയ്ക്ക് പറയേണ്ടിവന്നു രാജിവയ്ക്കാന്‍. ഇതില്‍ എന്ത് ധാര്‍മ്മികതയാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു.

ധാര്‍മികമായി അല്‍പ്പമെങ്കിലും ഉത്തരവാദിത്വവും മാന്യതയും ഉണ്ടായിരുന്നെങ്കില്‍ നേരത്തെ തന്നെ രാജിവെച്ചേനെ എന്ന് കെ.പി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും പറഞ്ഞു. മനസില്ലാ മനസോടെയാണ് ജലീലിന്റെ രാജിയെന്നും ബന്ധുനിയമന ഫയലില്‍ ഒപ്പുവെച്ചത് മുഖ്യമന്ത്രിയല്ലേയെന്നും ആ മുഖ്യമന്ത്രിയ്ക്ക് ധാർമികതയുണ്ടോയെന്ന് അറിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

Content  Highlight: Opposition against KT Jaleel Resignation