ബ്രഹ്മപുരം പ്ലാന്റ് | File Photo - Mathrubhumi archives
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ അറ്റകുറ്റപ്പണിക്കായി ഇറക്കിയ ടെൻണ്ടർ അട്ടിമറിച്ചതായി ആരോപണം. ബുധനാഴ്ച ടെൻണ്ടർ ഇറക്കുകയും തൊട്ടുപിന്നാലെ ഇത് പിൻവലിച്ച് വ്യാഴാഴ്ച ക്വട്ടേഷൻ ചെയ്യുകയുമായിരുന്നു. എന്നാൽ ഇതിൽ തീരുമാനമാകുന്നതിന് മുമ്പായി പണി സാധനങ്ങൾ പ്ലാന്റിൽ ഇറക്കിയ നിലയിലാണ്. ഒന്നരക്കോടിയോളം രൂപ വരുന്ന പദ്ധതിയിലും അഴിമതി മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരം നടപടികളെന്ന് കൊച്ചി കോർപറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
അതേസമയം ജില്ലാ കളക്ടറുടെ നിർദേശ പ്രകാരമാണ് ടെൻണ്ടർ പിൻവലിച്ചതെന്നാണ് സംഭവത്തിൽ കോർപറേഷന്റെ വിശദീകരണം. ദുരന്ത നിവാരണ നിയമപ്രകാരമാണ് ക്വട്ടേഷൻ ക്ഷണിച്ചതെന്നും കാലവർഷം തുടങ്ങുന്നതിന് മുമ്പായി വേഗത്തിൽ പണി തുടങ്ങുന്നതിനായാണ് നടപടിയെന്നുമാണ് കോർപറേഷന്റെ വാദം.
ദേശീയ ഹരിത ട്രിബ്യൂണൽ ബ്രഹ്മപുരത്തെ തീപിടുത്തത്തിന് ശേഷമുണ്ടായ വിഷം കലർന്ന ചാരം പുഴയിലേക്ക് ഒഴുകിപ്പോകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ചിരുന്നു.
.jpg?$p=1990e2a&&q=0.8)
കഴിഞ്ഞ കൗൺസിലിൽ ബ്രഹ്മപുരത്തെ തീപിടുത്തത്തിന് ശേഷമുണ്ടായ വിഷം കലർന്ന ചാരം ചിത്രപ്പുഴയിലേക്ക് ഒഴുകിപ്പോകാതിരിക്കാനായി മൂന്ന് പദ്ധതികൾ ചർച്ച ചെയ്തിരുന്നു. ഇതിൽ ആദ്യത്തെ പദ്ധതിക്കാണ് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ തീരുമാനമായത്. ടാർപോളിൻ വിരിച്ച് തടഞ്ഞുകെട്ടി അതിനകത്തേക്ക് ഒലിച്ചിറങ്ങുന്ന വെള്ളത്തെ ശേഖരിച്ച് മാറ്റാനായിരുന്നു പദ്ധതി. ഒരു കോടി 60 ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവ് കണക്കാക്കിയത്. എന്നാൽ ടാർപോളിൻ വിരിച്ചാൽ കത്തിപ്പിടിക്കാൻ സാധ്യതയുണ്ടെന്ന നിർദേശം വന്നിരുന്നെങ്കിലും അതുപോലും പരിഗണിക്കാതെ പദ്ധതി വേഗത്തിൽ നടപ്പിലാക്കാനായാണ് കൗൺസിലിൽ തീരുമാനിച്ചത്.

ഇതിന് പിന്നാലെ ബുധനാഴ്ച ടെൻണ്ടർ ഇറക്കുകയും തൊട്ടുപിന്നാലെ ഇത് പിൻവലിച്ച് വ്യാഴാഴ്ച ക്വട്ടേഷൻ ചെയ്യുകയുമായിരുന്നു. കോർപറേഷന്റെ അസ്വാഭാവിക നടപടിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബ്രഹ്മപുരത്ത് അറ്റകുറ്റ പണികൾ നടത്തുന്നതിനായി തടിക്കഷ്ണങ്ങളും മറ്റ് സാധന സാമഗ്രികളും ഇറക്കിയിരിക്കുകയാണ് മനസിലായതെന്നും ഇഷ്ടക്കാർക്ക് കൊടുക്കാനാണ് ഇത്തരം അസ്വാഭാവിക നടപടികൾ ചെയ്തതെന്നും ആന്റണി കുരീത്തറ പറഞ്ഞു.
പ്ലാന്റ് അറ്റകുറ്റപ്പണിക്കായി മറ്റ് നിർദേശങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും അതൊന്നും അംഗീകരിക്കാതെ മുന്നോട്ട് പോയതിന് കാരണം ഇതിലും അഴിമതി നടത്താനാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Content Highlights: Opposition against Kochi corporation in brahmapuram plant issue


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..