പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിലെ വിജിലന്‍സ് പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ചില ഉദ്യോഗസ്ഥര്‍ അഴിമതി നടത്തി ഗുണമേന്മ കുറഞ്ഞ ആഹാരസാധനങ്ങള്‍ വിപണിയില്‍ വില്‍ക്കുന്നതിന് ഒത്താശ ചെയ്യുന്നതായി വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ഒപ്പറേഷന്‍ ഹെല്‍ത്ത്- വെല്‍ത്ത് എന്ന പേരില്‍ സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ ഓഫീസിലും, പതിനാലു ജില്ലകളിലേയും അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാരുടെ ഓഫീസുകളിലും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ കീഴിലുള്ള ലാബുകളിലും ഒരേസമയം മിന്നല്‍ പരിശോധന നടത്തിയത്.
സംസ്ഥാനത്ത് വിറ്റഴിക്കുന്ന ആഹാരസാധനങ്ങളുടെ സാമ്പിളുകള്‍ വ്യാപകമായി ശേഖരിക്കുന്നുണ്ടെങ്കിലും അതിന്മേല്‍ ഒട്ടുമിക്ക ജില്ലകളിലും തുടര്‍നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന് വിജിലന്‍സ് കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ അഴിമതി നടത്തി ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അനുമതി വാങ്ങുന്നതിന് ഒരുവര്‍ഷത്തിലധികം കാലതാമസം എടുക്കുന്നതായി കണ്ടെത്തി. അതുവഴി കാലതാമസം ഉണ്ടായതിന്റെ പേരില്‍ ഭക്ഷ്യ ഉത്പാദകരും വിതരണക്കാരും ഇറക്കുമതി ചെയ്യുന്നവരും നിയമനടപടികളില്‍ നിന്നും രക്ഷപ്പെടുന്നതായും വിജിലന്‍സ് കണ്ടെത്തി. സുരക്ഷിതമല്ലെന്ന് ലാബ് പരിശോധനാ ഫലം ലഭിച്ചവയില്‍ എറണാകുളം ജില്ലയിലെ പള്ളുരുത്തി ഭക്ഷ്യസുരക്ഷാ ഓഫീസിലെ 11, പത്തനംതിട്ടയില്‍ 10, കരുനാഗപ്പള്ളിയിലും ചടയമംഗലത്തും രണ്ട്, കോഴിക്കോട് ബേപ്പൂരില്‍ 17, പാലക്കാട് 38, കോട്ടയത്ത് എട്ട്, ആലപ്പുഴയില്‍ ഏഴ്, മലപ്പുറത്ത് ആറും ഭക്ഷ്യ ഉത്പാദക- വിതരണ- ഇറക്കുമതികാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാതിരിക്കുന്നതായും വിജിലന്‍സ് കണ്ടെത്തി.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്മാര്‍ ഫീല്‍ഡ് പരിശോധന വേളയില്‍ എടുക്കുന്ന സാമ്പിളുകളില്‍ ഗുണനിലവാരമില്ലാത്ത്, തെറ്റായബ്രാന്‍ഡ് എന്നിങ്ങനെ ഫലം ലഭിക്കുന്ന ആഹാരസാധനങ്ങള്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ ചില ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനാഫലം നല്‍കുന്നത് വൈകിപ്പിക്കുന്നു. ഇത് നിലവാരമില്ലാത്തതും, തെറ്റായ ബ്രാന്‍ഡുമായ ആഹാരസാധനങ്ങള്‍ വിറ്റ് തീര്‍ക്കുന്നതിന് സാഹചര്യം ഒരുക്കിനല്‍കുന്നതായും വിജിലന്‍സ് കണ്ടെത്തി. ഇത്തരത്തില്‍ പരിശോധനാ ഫലം ലഭിച്ച പത്തനംതിട്ട ജില്ലയിലെ 128 സാമ്പിളുകളില്‍ പിഴ ഈടാക്കിയിട്ടില്ല എന്നും, കോട്ടയം ജില്ലയിലെ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി ഓഫീസില്‍ നടത്തിയ പരിശോധനയില്‍ 2016-2020 വരെയുള്ള കാലയളവില്‍ നിലവാരമില്ലാത്തത് എന്ന് പരിശോധനയില്‍ തെളിഞ്ഞ 46 സാമ്പിളുകളിലും തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും കടുത്തുരുത്തി ഫുഡ് സേഫ്റ്റി ഓഫീസിന്‍ നിന്നും 2022-2023 കാലയളവില്‍ പ്രാഥമികമായി ശേഖരിച്ച 223 സാമ്പിളുകളില്‍ 111 എണ്ണം നിലവാരമില്ലതതെന്നു ഫലം ലഭിച്ചിട്ടും തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും വിജിലന്‍സ് കണ്ടെത്തി.
കാസര്‍ഗോഡ് ജില്ലയില്‍ 14 ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം നല്‍കുന്നതിനു പകരം മൂന്ന് മാസമായിട്ടും ലാബുകളില്‍ നിന്ന് പരിശോധനാ ഫലം നല്‍കിയിട്ടില്ലെന്നും വിജിലന്‍സ് കണ്ടെത്തി. കൊല്ലം ജില്ലയില്‍ 200 ഓളം സാമ്പിളുകളുടെ ഫലം ലാബുകളില്‍ നിന്നും ലഭ്യമായിട്ടില്ലായെന്നും, 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ കരുനാഗപ്പള്ളി ഫുഡ് സേഫ്റ്റി ഓഫീസില്‍ പരിശോധനക്ക് അയച്ച 80 സാമ്പിളുകളില്‍ 58 എണ്ണത്തിനും പരിശോധനാ ഫലം ലഭ്യമായിട്ടില്ലയെന്നും വിജിലന്‍സ് കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ ആറന്‍മുള ഭക്ഷ്യസുരക്ഷാ ഓഫീസറുടെ കീഴില്‍ 115 സാമ്പിളുകള്‍ 2021- 22 കാലഘട്ടത്തില്‍ പരിശോധനക്കായി ലാബില്‍ അയച്ചെങ്കിലും ഫലം 14 ദിവസത്തിനകം പരിശോധിക്കണമെന്ന ചട്ടംലംഘിച്ച് പരിശോധന ഫലം ലഭ്യമായിട്ടില്ലെന്നും കോട്ടയം ജില്ലയിലെ വടവത്തൂര്‍ ഭക്ഷ്യസുരക്ഷാ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ 2022 ഓഗസ്റ്റ് മുതല്‍ പരിശോധനക്ക് അയച്ച 29 സാമ്പിളുകളുടെ റിപ്പോര്‍ട്ട് ഇതുവരെ ലഭ്യമായിട്ടില്ലയെന്നും വിജിലന്‍സ് കണ്ടെത്തി.
Content Highlights: operation health wealth food safety department corruption vigilance raid
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..