ന്യൂഡല്‍ഹി: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ഗ്രൂപ്പടിസ്ഥാനത്തില്‍ ആര്‍ക്കും സീറ്റ് നല്‍കില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്ന ഘട്ടത്തില്‍ പുതിയ അധ്യക്ഷനെ കുറിച്ച് ആലോചിക്കും. കെ. വി തോമസ് പാര്‍ട്ടി വിടുമെന്ന് കരുതുന്നില്ലെന്നും താരിഖ് അന്‍വര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ചെയര്‍മാനായ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന പ്രചാരണം തള്ളുകയാണ് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. 

"തിരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാരോട് ആലോചിച്ച ശേഷമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ. വിജയസാധ്യത നോക്കിയേ സ്ഥാനാര്‍ഥികളെ നിശ്ചയിക്കൂ. മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നു തീരുമാനിച്ചാല്‍ പാര്‍ട്ടി പുതിയ അധ്യക്ഷനെ കുറിച്ചാലോചിക്കും", ചോദ്യങ്ങൾക്ക് മറുപടിയായി താരിഖ് അൻവർ പറഞ്ഞു.

കെ.വി. തോമസ് പാര്‍ട്ടി വിടുമെന്നത് അഭ്യൂഹം മാത്രമാണ്. പാര്‍ട്ടിയിലെ ഏറ്റവും വിശ്വസ്തനായ പോരാളിയാണ് അദ്ദേഹം. അദ്ദേഹത്തിനെങ്ങനെയാണ് പാര്‍ട്ടി വിടാനാവുകയെന്നും താരിഖ് അന്‍വര്‍ ചോദിച്ചു.

content highlights: Oommenchandy not CM candidate, says Tariq Anwar