തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന പ്രചാരണങ്ങളെ തള്ളി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. 

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്.  തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍  മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങുന്നതിനുമുമ്പേ, തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കുന്ന ഉമ്മന്‍ചാണ്ടിയെ തലസ്ഥാനത്ത് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ നീക്കമെന്ന തരത്തിലുള്ള സൂചനകള്‍ പുറത്തുവന്നിരുന്നു. തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലേതിലെങ്കിലും മത്സരിപ്പിക്കാനാണ് ആലോചന. നിലവിലെ അദ്ദേഹത്തിന്റെ മണ്ഡലമായ പുതുപ്പള്ളിയില്‍ മകന്‍ ചാണ്ടി ഉമ്മനെ നിര്‍ത്താനും ചര്‍ച്ചകള്‍ നടക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

Content Highlights: Oommenchandy Kerala Assembly Election 2021