തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തിന്റെ വിജയം എസ്.എഫ്.ഐ യുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് ഉമ്മന്‍ചാണ്ടി.

അധികാരമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന ധാരണയായിരുന്നു എസ്.എഫ്.ഐക്കുണ്ടായിരുന്നത്. എന്നാല്‍ ജനാധിപത്യ ശക്തികളുടെ സമരത്തിന് മുന്നില്‍ എസ്.എഫ്.ഐ അടിയറവ് പറഞ്ഞെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സമരം അവസാനിച്ചശേഷം സമരപന്തലിലെത്തി കെ മുരളീധരനെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏത് കാര്യത്തിനും ഒരു ന്യായമുണ്ട്. അത് വിട്ടുകളിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് എസ്.എഫ്.ഐക്കാര്‍ മനസിലാക്കണം. ലോ അക്കാദമി വിഷയവുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ്, സി.പി.ഐ എന്നീ സംഘടനകള്‍ എടുത്ത നിലപാടിനെ താന്‍ അഭിനന്ദിക്കുകയാണ്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്നത് ഇങ്ങനെയുള്ള നിലപാടുകളാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സമരം പൊളിക്കാന്‍ നോക്കിയ എസ്.എഫ്.ഐ ക്കാര്‍ക്ക് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.എസ് ജോയ് ഒപ്പിട്ട മിനുട്ട്സിന് കീഴില്‍ ഒപ്പിടേണ്ട അവസ്ഥ വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.