കോട്ടയം: എം.എൽ.എ. പി.ടി. തോമസിനെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കക്ഷിരാഷ്ട്രീയത്തിന് അതീതമായി സഹായിക്കാൻ സന്നദ്ധനായ പി.ടി. തോമസ് എം.എൽ.എ.യെ ക്രൂശിക്കാൻ നടത്തുന്നത് വ്യാജ പ്രചാരണമാണെന്നും അത് കാണ്ടാമൃഗത്തെപ്പോലും ലജ്ജിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

40 വർഷമായി മൂന്ന് സെന്റ് കുടികിടപ്പു സ്ഥലം വിൽക്കാനാകാതെ ജീവിത പ്രതിസന്ധിയിലായ സി.പി.എം. പ്രവർത്തകൻ പരേതനായ ദിനേശന്റെ കുടുംബത്തെ സഹായിക്കാനാണ് പി.ടി. തോമസ് സന്നദ്ധനായത്. കുടുംബത്തിന്റെ കമ്യൂണിസ്റ്റ് പാരമ്പര്യംപോലും കണക്കിലെടുക്കാതെ നിസ്വാർത്ഥമായി ഇടപെടുകയും പലരും ഇടപെട്ടിട്ടും നീണ്ടുപോയ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്ത പി.ടി. തോമസിനെ മുഖ്യമന്ത്രിയും സി.പി.എമ്മും അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്. രാഷ്ട്രീയ അന്ധത ബാധിച്ച് പി.ടി. തോമസിനെ കുടുക്കാൻ ശ്രമിച്ചവർ പാവപ്പെട്ട കമ്യൂണിസ്റ്റ് കുടുംബത്തെ വഴിയാധാരമാക്കി. കേരളം കണ്ട ഏറ്റവും നീചമായ പ്രവൃത്തിയായിരുന്നു അത്.

എം.എൽ.എ.യുടെ സാന്നിധ്യം സംശയകരമെന്നു പറഞ്ഞ മുഖ്യമന്ത്രി സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ സാന്നിധ്യം അറിയാതെ പോയതാണോ അതോ മറച്ചുവച്ചതാണോ എന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു ദിനേശൻ. അദ്ദേഹം നീതിക്കുവേണ്ടി മുട്ടാത്ത വാതിലുകളില്ല. പിണറായി വിജയൻ വരെയുള്ള കമ്യൂണിസ്റ്റ് സർക്കാരുകൾ ദിനേശന്റ നിലവിളി കേട്ടില്ല. അദ്ദേഹത്തിന്റെ കുടുംബം വലിയ ബുദ്ധിമുട്ട് നേരിടുന്നതു കണ്ടിട്ടാണ് അവരുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ എം.എൽ.എ വിഷയത്തിൽ ഇടപെട്ടത്.

ദിനേശന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള പിടി തോമസിന്റെ ശ്രമങ്ങൾ മാതൃകാപരമാണ്. ജനപ്രതിനിധികളും ഭരണാധികാരികളും ദന്തഗോപുരത്തിൽ കഴിയേണ്ടവർ അല്ലെന്നും അവർ ജനങ്ങളോടൊപ്പം നില്ക്കുകയും നീതിക്കുവേണ്ടി പോരാടുകയും ചെയ്യേണ്ടവർ ആണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Content Highlights:oommen chandys response on allegations against pt thomas mla