തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒപ്പുവച്ച വിഴിഞ്ഞം തുറമുഖ കരാറില്‍ തര്‍ക്കമുണ്ടെങ്കില്‍ അന്വേഷിക്കാമെന്ന് ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് സര്‍ക്കാറിന്റെ ദൃഢനിശ്ചയത്തിന്റെ ഫലമാണ് വിഴിഞ്ഞം കരാര്‍. 

തര്‍ക്കമുണ്ടെങ്കില്‍ നിലവിലെ കരാറും വി.എസിന്റെ കാലത്തെ ടെന്‍ഡറും പരിശോധിക്കണം. മാറ്റം വരുത്തുന്നതില്‍ എതിര്‍പ്പില്ല, ഏതാണ് മെച്ചമെന്ന് സര്‍ക്കാറിന് തീരുമാനിക്കാമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.  ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മാത്രമാകാം സിഎജി പരിശോധിച്ചിട്ടുണ്ടാകുക. സംസ്ഥാനത്തിന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ കിട്ടുന്ന നേട്ടത്തെക്കുറിച്ച് പരിശോധിച്ചിട്ടില്ല. അല്ലെങ്കില്‍ സിഎജിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടുണ്ടാകും-ഉമ്മന്‍ ചാണ്ടി പറഞ്ഞു

വിഴിഞ്ഞം കരാര്‍ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്നും കരാര്‍  പൊളിച്ചെഴുതണമെന്നും വി.എസ്. അച്യുതാനനന്ദന്‍ കഴിഞ്ഞദിവസം നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. 
 
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറിനെതിരെ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും ( സിഎജി) റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തിലാണ് മുന്‍ മുഖ്യമന്ത്രികൂടിയായ ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.  

കരാര്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്നും കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത് സംസ്ഥാന താല്‍പര്യം ഹനിക്കുന്നതാണെന്നും നിയമവിരുദ്ധമാണെന്നും അദാനിക്ക് 29000 കോടിയുടെ അധിക ലാഭമുണ്ടാക്കിക്കൊടുക്കാനെ കരാര്‍ ഉപകരിക്കുകയുള്ളൂ എന്നുമായിരുന്നു സി.എ.ജി റിപ്പോര്‍ട്ട്.