തിരുവനന്തപുരം: റാങ്ക് ലിസ്റ്റിലുള്ള യുവതീ, യുവാക്കള്‍ സമരം നടത്തിയിട്ട് അവരെ ചര്‍ച്ചയ്ക്ക് വിളിക്കാത്തത് ഗവണ്‍മെന്റിന്റെ അഹങ്കാരവും ധിക്കാരവും ഒന്നുകൊണ്ട് മാത്രമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമരം ചെയ്യുന്നവര്‍ അനുഭവിക്കുന്ന വേദനയുടെ ഒരംശം ഭരണാധികാരികള്‍ തിരിച്ചറിഞ്ഞെങ്കില്‍ സെക്രട്ടറിയേറ്റ് ഗേറ്റില്‍ വന്ന് ചര്‍ച്ച നടത്തുമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രശ്ങ്ങള്‍ ഇന്നത്തേത് മാത്രമല്ല, ഭാവിയിലേതുമാണെന്നും അത് പരിഗണിക്കുന്നില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.  

റാങ്ക് ലിസ്റ്റിന്റെ പേരിലുള്ള വിവാദങ്ങളും സമരങ്ങളും ഗവണ്‍മെന്റിന്റെ സൃഷ്ടിയാണ്. യു.ഡി.എഫ്. സര്‍ക്കാര്‍ റാങ്ക് ലിസ്റ്റിലുള്ളവരോട് കാണിച്ച അനുഭാവം പരിശോധിച്ചിരുന്നെങ്കില്‍ ഗവണ്‍മെന്റ് ഇതുപോലെ ഒരു കുരുക്കില്‍ പെടില്ല. ഒരു പി.എസ്.സി. റാങ്ക് ലിസ്റ്റ് അവസരങ്ങളുടെ ലിസ്റ്റായാണ് യു.ഡി.എഫ്. കാണുന്നത്. എല്‍.ഡി.എഫ്., ഇത് ബാധ്യതയായാണ് കാണുന്നതെന്നും എങ്ങനെയെങ്കിലും അവസാനിപ്പിച്ചാല്‍ മതി എന്ന നിലയാണെന്നും അദ്ദേഹം പറഞ്ഞു. 

പകരം ലിസ്റ്റില്ലെങ്കില്‍ റാങ്ക് ലിസ്റ്റ് നീട്ടുക എന്ന നയപരമായ തീരുമാനമാണ് യു.ഡി.എഫ്. സര്‍ക്കാര്‍ എടുത്തത്. എന്നാല്‍ മൂന്ന് വര്‍ഷമായാല്‍ ലിസ്റ്റ് റദ്ദാക്കാന്‍ കാത്തിരിക്കുകയാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍. ലിസ്റ്റ് നീട്ടിക്കൊടുത്തിരുന്നെങ്കില്‍ ഇന്നത്തെ പ്രതിസന്ധി പരിഹരിക്കാമായിരുന്നു. പുതിയ ലിസ്റ്റ് വരുന്നില്ലെങ്കില്‍ മൂന്ന് വര്‍ഷം കാലാവധിയുള്ള ലിസ്റ്റിന് ഒന്നര വര്‍ഷംകൂടി നീട്ടി കൊടുക്കാന്‍ സര്‍ക്കാരിന് വ്യവസ്ഥയുണ്ട്. യു.ഡി.എഫ്. അഞ്ച് വര്‍ഷവും അത് പാലിച്ചുവെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Content Highlights: Oommen Chandy slams Kerala government over PSC rank holders strike