അലക്‌സ് വി. ചാണ്ടി, ഉമ്മൻ ചാണ്ടി
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് ആവര്‍ത്തിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ അലക്‌സ് വി. ചാണ്ടി. ആയുര്‍വേദ മരുന്നുകളും മഞ്ഞള്‍ വെള്ളവും കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില വഷളായി വരികയാണെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് സഹോദരനും മറ്റുചില ബന്ധുക്കളും ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്ത് പുറത്തുവന്നിരുന്നു. അതേസമയം, തനിക്ക് ചികിത്സ നിഷേധിക്കുകയാണെന്ന വാദം ഉമ്മന്‍ചാണ്ടി തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ നിഷേധിച്ചിട്ടുണ്ട്.
'അസുഖമില്ല, തുടര്‍ ചികിത്സയ്ക്ക് ഇനിയെന്തിനാണ് പോകുന്നതെന്നാണ് അവര്‍ ചോദിക്കുന്നത്. എന്നാല്‍ ആയുര്‍വേദ മരുന്നുകള്‍ നല്‍കുന്നുണ്ട്. ആയുര്‍വേദ മരുന്നുകളും മഞ്ഞള്‍ വെള്ളവും നല്‍കി ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്. ക്യാന്‍സറിന്റെ ആരംഭമാണ്, ചെറിയ വലിപ്പത്തിലേ ഉള്ളൂ, കരിയിച്ചു കളയാമെന്ന് ആശുപത്രിയില്‍ നിന്ന് ആദ്യം നിര്‍ദേശിച്ചിരുന്നു. മകള്‍ അച്ചു ചികിത്സ നല്‍കാനൊക്കെ ആവശ്യപ്പെട്ടെങ്കിലും മകന്‍ അമ്മയെ വിളിച്ച ശേഷം ചികിത്സ നല്‍കേണ്ടെന്നുവെച്ചു. ചികിത്സയ്ക്കായി ആശുപത്രിയിലൊക്കെ പോകുന്നുണ്ടെങ്കിലും ചികിത്സ നല്‍കുന്നില്ല', അലക്‌സ് വി. ചാണ്ടി പറഞ്ഞു.
മുഖ്യമന്ത്രിക്ക് താന്‍ അയച്ച കത്ത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അവര്‍ ആളെ അയച്ചിരുന്നു. പെങ്ങളേയും വിളിച്ചു പറഞ്ഞു. എന്നാല്‍ അവരെ എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെട്ടല്ല കത്ത് നല്‍കിയത്. ചികിത്സ നടത്താനാണ്. ഭാര്യയും ഇളയ മകനും മൂത്ത മകളുമാണ് ചികിത്സയ്ക്ക് അനുവദിക്കാത്തതെന്നും മറ്റൊരു മകള്‍ അച്ചുവാണ് ചികിത്സ നല്‍കാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതെന്നുംഅലക്‌സ് വി. ചാണ്ടി പ്രതികരിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ ആരെങ്കിലും വിളിച്ചിരുന്നോ എന്ന ചോദ്യത്തിന്, അക്കാര്യം വെളിപ്പെടുത്തരുതെന്ന് അവര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടിയുടെ സഹോദരന്‍ വ്യക്തമാക്കി. ആര് പറഞ്ഞാലും കേള്‍ക്കുന്നവരല്ല ഇവരെന്നും ജനപ്രതിനിധികളെ ഉള്‍പ്പടെ കാണാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Oommen Chandy's treatment-brother statement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..