തിരുവനന്തപുരം: വിഎം സുധീരനും പി.ജെ കുര്യനും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിപറയാനില്ലെന്ന് ഉമ്മന്‍ചാണ്ടി. ഇവര്‍ രണ്ട് പേരും തനിക്ക് വേണ്ടപ്പെട്ടവരാണ്. വികാരപരമായി ഒരു മറുപടി പറയാനില്ല. വിവാദം ഉണ്ടാക്കുന്നതില്‍ താല്‍പര്യമില്ല. കോണ്‍ഗ്രസുമായി ബന്ധപ്പെടുന്ന ആളുകള്‍ക്കൊക്കെ ഈ പറഞ്ഞതിന്റെയൊക്കെ സത്യാവസ്ഥ അറിയാവുന്നതാണ്. 

കഴിഞ്ഞ മൂന്ന് ദിവസമായി ആന്ധ്രയിലായിരുന്നു. അവിടുത്തെ കോണ്‍ഗ്രസ് നേതാക്കളെ നേരിട്ട് കണ്ട് സംസാരിച്ചു. അവരോട് പറഞ്ഞത് പാര്‍ട്ടി പ്രശ്‌നങ്ങളില്‍ പരസ്യ പ്രതികരണം ഒഴിവാക്കണമെന്നാണ്. അത് താന്‍ തന്നെ തെറ്റിക്കുന്നത് ശരിയല്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. 

രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കാതിരിക്കാനാണ് ആന്ധ്രയില്‍ പോയത് എന്ന ആരോപണവും ഉമ്മന്‍ ചാണ്ടി നിഷേധിച്ചു. കെ.പി.സി.സി പ്രസിഡന്റിനോടും പ്രതിപക്ഷ നേതാവിനോടും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടാണ് താന്‍ ആന്ധ്രയില്‍ പോയതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. അവിടെ നേതാക്കളുമായി കൂടിയാലോചന നിശ്ചയിച്ചിട്ട് അത് റദ്ദാക്കാന്‍ കഴിയാത്തുകൊണ്ടാണ് ഇവിടെ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്‌