തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കുമേല്‍ സമ്മര്‍ദമേറുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകുന്ന കാര്യം പരിഗണിക്കുമെന്ന് വ്യക്തമാക്കിയതല്ലാതെ ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം പറഞ്ഞില്ല. 

നിലവിലുള്ള എം.എല്‍.എമാര്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനമെന്ന് പറഞ്ഞ് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയ ഉമ്മന്‍ചാണ്ടി നിലപാടില്‍ അയവു വരുത്തിയിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഒപ്പം ഉമ്മന്‍ചാണ്ടി സ്ഥാനാര്‍ഥിയാകുന്നതിലെ താത്പര്യം മുല്ലപ്പള്ളി വീണ്ടും പങ്കുവെച്ചു.

ഉമ്മന്‍ചാണ്ടി എല്ലാ കാലത്തും എവിടേയും നിര്‍ത്താവുന്ന മികച്ച സ്ഥാനാര്‍ഥിയാണ്. അദ്ദേഹം എവിടെ നിന്നാലും വമ്പിച്ച വോട്ടിന് ജയിക്കും- മുല്ലപ്പള്ളി പറഞ്ഞു.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികും ഉമ്മന്‍ ചാണ്ടി സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത തള്ളിക്കളഞ്ഞില്ല. കീഴ്ഘടകങ്ങളിലും ഡി.സി.സി അടക്കമുള്ള സമിതികളിലും ചര്‍ച്ച ചെയ്ത ശേഷം സ്ഥാനാര്‍ഥികളെ കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തിന് വിടുമെന്ന് അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന നേതാക്കള്‍ മത്സര രംഗത്തുണ്ടാകണമെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കിയ സാഹചര്യത്തില്‍ കൂടിയാണ് മുതിര്‍ന്ന നേതാക്കള്‍ ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്ന സൂചന നല്‍കിയത്. ഉമ്മന്‍ ചാണ്ടി മത്സരരംഗത്തുണ്ടാകുന്നത് മറ്റ് മണ്ഡലങ്ങളിലും ഊര്‍ജം പകരുമെന്നാണ് നേതൃത്വം കരുതുന്നത്.

content highlights: oommen chandy may be a candidate