കോഴിക്കോട്:  കോയമ്പത്തൂരിൽ അകപ്പെട്ട മലയാളി വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആറോളം വിദ്യാർത്ഥികൾക്കാണ് ഉമ്മൻ ചാണ്ടി സഹായഹസ്തവുമായി എത്തിയത്. 

കോയമ്പത്തൂരിലെ സ്വകാര്യ കണ്ണാശുപത്രിയിൽ ഒപ്‌റ്റോമെട്രി ട്രെയിനികളായി ജോലി ചെയ്യുന്ന വിദ്യാർത്ഥികളാണ് ലോക്കൗ്ഡൗണിനെ തുടർന്ന് താമസസ്ഥലത്ത് അകപ്പെട്ടു പോയത്. ശരവണംപട്ടി എന്ന സ്ഥലത്ത് വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയാണ് ഇവര്‍.

മാർച്ച് 24 വരെ ആശുപത്രി പ്രവർത്തിച്ചിരുന്നതിനാൽ ഇവർക്ക് കേരളത്തിലേക്ക് മടങ്ങാനും സാധിച്ചില്ല. തമിഴ്‌നാട്ടിൽ കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ  വിദ്യാർത്ഥികൾക്ക് താമസസ്ഥലത്തുനിന്ന് പുറത്തിറങ്ങാനും സാധിക്കാതെ വന്നു. ശേഖരിച്ചുവെച്ച ഭക്ഷണസാധനങ്ങളും കയ്യിലെ പണവും തീർന്നതോടെ വിദ്യാർത്ഥികൾ ആകെ അങ്കലാപ്പിലായി. കേരളത്തിലുള്ള വീട്ടുകാർക്കും സഹായിക്കാനാകാത്ത അവസ്ഥ. 

ഇതിനിടെ സഹായം അഭ്യർത്ഥിച്ചു വിദ്യാർത്ഥികൾ പലരെയും വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും വിളിച്ചുവെങ്കിലും അദ്ദേഹത്തെ ഫോണിൽ ലഭ്യമായില്ല. ഇതിനിടെ മുൻമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരു ചാനലിൽ ലൈവ് പരിപാടിയിൽ വരുന്നുണ്ടെന്നറിഞ്ഞ വിദ്യാർത്ഥികൾ ആ നമ്പറിലേക്ക് വിളിക്കുകയായിരുന്നു.

തങ്ങൾക്ക് നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യമാണ് ഇവർ ആദ്യം ഉന്നയിച്ചത്. എന്നാൽ ഇത് ഉമ്മന്‍ ചാണ്ടി ഉപദേശരൂപേണ നിരസിക്കുകയായിരുന്നുവെന്ന് ഫോണിൽ ബന്ധപ്പെട്ട വിദ്യാർത്ഥികളിലൊരാളായ മുഫീദ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. നിയന്ത്രണങ്ങൾ കർക്കശമാണെന്നും പാലിക്കാൻ നമ്മൾ ബാധ്യസ്ഥരാണെന്നും ഉമ്മൻ ചാണ്ടി വിദ്യാർത്ഥികളോട് പറഞ്ഞു.

വാളയാറിൽ എത്തിയാൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടിവരുമെന്നും അതിലും നല്ലത് നിൽക്കുന്ന സ്ഥലത്തു തന്നെ സുരക്ഷിതമായി കഴിയുകയാണെന്നും ഉമ്മൻ ചാണ്ടി വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി. ആവശ്യമായ സൗകര്യങ്ങൾ ചെയ്യാമെന്നും അദ്ദേഹം ഉറപ്പുനൽകി. പിന്നാലെ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ വാളന്റിയർമാർ മുഖേന താമസസ്ഥലത്ത് എത്തിച്ചു നൽകിയതായി മുഫീദ പറഞ്ഞു. 

ഏപ്രിൽ 15-നാണ് ഇനി ആശുപത്രി തുറന്ന് പ്രവർത്തിക്കുക. അതുവരെ സുരക്ഷിതമായി താമസസ്ഥലത്തു തന്നെ കഴിയാനാണ് തങ്ങളുടെ തീരുമാനമെന്ന് ഇവര്‍ മാതൃഭൂമി ഡോട്ട്‌ കോമിനോട് പ്രതികരിച്ചു

Content Highlight: Oommen Chandy helps Malayalee students in Coimbatore