തിരുവനന്തപുരം:  ഡിസിസി അധ്യക്ഷന്മാരെ തീരുമാനിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് താന്‍ പറഞ്ഞില്ലെന്ന് ഉമ്മന്‍ചാണ്ടി. പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ അത് അപൂര്‍ണമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. 

പ്രാഥമികമായ ചര്‍ച്ചയില്‍ ഞങ്ങളുടെ ആളുകളുടെ പേരുകള്‍ മാത്രമല്ല. മറ്റ് ആളുകളുടേയും പേരുകള്‍ പറഞ്ഞിരുന്നു. ലിസ്റ്റ് കൊടുത്തിട്ടില്ല. ചര്‍ച്ച അപൂര്‍ണമായിരുന്നുവെന്നാണ് താന്‍ പറയുന്നത്. പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. പിന്നീട് കാണാം എന്ന് പറഞ്ഞ് ചര്‍ച്ച അവസാനിപ്പിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു.

പട്ടിക പ്രഖ്യാപിക്കുന്ന സമയത്ത് അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാതിരിക്കാനുളള നടപടികളെ കുറിച്ച് ഞങ്ങള്‍ നേതൃസ്ഥാനത്തിരുന്ന കാലത്ത് ആലോചിച്ചിരുന്നു. തീരുമാനമെടുക്കുമ്പോള്‍ എല്ലാവര്‍ക്കും അത് സ്വീകാര്യമാവാന്‍ ശ്രമിക്കാറുണ്ട്. നിര്‍ദേശങ്ങള്‍ എഴുതിവെച്ച ഡയറി വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാണിച്ച നടപടി തെറ്റായിപ്പോയെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. 

ഡിസിസി അധ്യക്ഷന്‍മാരെ തീരുമാനിച്ച് ഹൈക്കമാന്‍ഡ് പട്ടിക പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ പരസ്യമായി പ്രതികരിച്ച് ഉമ്മന്‍ചാണ്ടി രംഗത്ത് വന്നിരുന്നു. അധ്യക്ഷന്മാരെ തീരുമാനിച്ച കാര്യത്തില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും, നടന്നിരുന്നെങ്കില്‍ മെച്ചപ്പെട്ട ലിസ്റ്റ് ഉണ്ടാക്കാമായിരുന്നുവെന്നുമാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. 

എന്നാല്‍ ഡിസിസി അധ്യക്ഷന്മാരെ തീരുമാനിക്കുന്നത് സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രണ്ട് തവണ ചര്‍ച്ചകള്‍ നടത്തിയെന്നായിരുന്നു  കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്. ഉമ്മന്‍ചാണ്ടിയുമായി രണ്ട് വട്ടം ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച പേരുകളെഴുതിയ ഡയറിയും വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും സമാനമായ പ്രതികരണമാണ് നടത്തിയത്.