തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായി ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ നൂറിലൊന്നെങ്കിലും തെളിയിക്കപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതവും പൊതുജീവിതവും ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം പറഞ്ഞത്.

മുന്‍പും ഇപ്പോഴും തനിക്ക് യാതൊരു ഭയവുമില്ല. ഭരണപരമായി ഒരടിപോലും മുന്നോട്ടുപോകാനാവാതെ ബുദ്ധിമുട്ടുന്ന എല്‍ഡിഎഫ്, കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും എതിരായി നടത്തുന്ന രാഷ്ട്രീയനീക്കമാണ് ഇപ്പോഴത്തേത്. ഒരിക്കലും പിന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇപ്പോഴത്തേതുപോലെതന്നെ മുന്നോട്ടുപോകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

എല്‍ഡിഎഫിനെതിരായി കൂടുതല്‍ ശക്തമായി മുന്നോട്ടുപോകാന്‍ യുഡിഎഫിന് ശക്തിപകരുകയാണ് ഇത്തരം ആരോപണങ്ങള്‍. പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത് തികച്ചും തെറ്റായ ഒരു നീക്കമാണ്. അവര്‍ക്ക് ഇതിന് രാഷ്ട്രീയമായി വലിയ വിലനല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരായ ലൈംഗികാരോപണം സംബന്ധിച്ച് എന്തുപറയാനാണ്? രണ്ടുമൂന്നു ദിവസംകൂടി കാത്തിരിക്കാം. സര്‍ക്കാര്‍ ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് സംബന്ധിച്ച് മുഖ്യമന്ത്രി ഇതുവരെ ഒന്നും പറയാന്‍ തയ്യാറായിട്ടില്ല. കൈക്കൂലിയോ ലൈംഗികാതിക്രമമോ സംബന്ധിച്ച് തനിക്കെതിരായി ഒരു സാക്ഷിയോ തെളിവോ ഇല്ല. തനിക്കെതിരായി കമ്മീഷനു മുന്നില്‍ മൊഴി നല്‍കിയവരെല്ലാം നിക്ഷിപ്ത താത്പര്യമുള്ളവരാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പുതിയ സംഭവവികാസങ്ങള്‍ കോണ്‍ഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പിനെ ഒരുവിധത്തിലും സ്വാധീനിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.