ഉമ്മൻ ചാണ്ടി | Photo - Mathrubhumi archives
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തുടര്‍ചികിത്സ സംബന്ധിച്ച് സുഹൃത്തുക്കള്‍ക്ക് ആശങ്ക. അദ്ദേഹത്തിന്റെ ആരോഗ്യനില പരിഗണിച്ച് ബെംഗളൂരു ആശുപത്രിയില്‍ത്തന്നെ തുടര്‍ചികിത്സ നടത്തണമെന്നാണ് സുഹൃത്തുക്കളുടെ നിര്‍ദേശം. എന്നാല്‍, ആരോഗ്യസ്ഥിതി പരിഗണിച്ച് നിലവിലെ ചികിത്സ തുടര്‍ന്നാല്‍മതിയെന്ന അഭിപ്രായവുമുണ്ട്.
ബെംഗളൂരുവിലെ എച്ച്.സി.ജി. കാന്‍സര്‍ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ജനുവരി ഒന്നിനാണ് അദ്ദേഹം കേരളത്തിലേക്കുവന്നത്. തുടര്‍ചികിത്സയ്ക്ക് ഒമ്പതാംതീയതി തിരിച്ചുചെല്ലേണ്ടതായിരുന്നു. എന്നാല്‍, ഓരോ കാരണങ്ങളാല്‍ തീയതി നീണ്ടു. തൊണ്ടയിലാണ് ഉമ്മന്‍ ചാണ്ടിക്ക് രോഗബാധ. ജര്‍മനിയിലെ ബര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ അദ്ദേഹത്തിന് ഇതിനായി ലേസര്‍ ചികിത്സ നടത്തിയിരുന്നു. ഈ സമയത്ത് അടഞ്ഞ ശബ്ദം അല്പം മെച്ചപ്പെട്ടു.
ബെംഗളൂരുവിലെ ചികിത്സയും ഫലപ്രദമായിരുന്നു. എന്നാല്‍, തുടര്‍ചികിത്സയ്ക്ക് മുതിരാത്തത് അദ്ദേഹത്തിന്റെ ആരോഗ്യം മോശമാകാന്‍ കാരണമാകുന്നുവെന്നാണ് സുഹൃത്തുക്കളുടെ ആശങ്ക. നിലവില്‍ ജഗതിയിലെ വീട്ടില്‍ പൂര്‍ണവിശ്രമത്തിലാണ് ഉമ്മന്‍ ചാണ്ടി. സന്ദര്‍ശകരെ തീരേ അനുവദിക്കുന്നില്ല.
കീമോ, റേഡിയേഷന്‍ ചികിത്സയും ആരോഗ്യം വീണ്ടെടുക്കാനുള്ള ആഹാരക്രമവുമാണ് ബെംഗളൂരു എച്ച്.സി.ജി. ആശുപത്രിയിലെ ഡോ. യു.എസ്. വിശാല്‍ റാവു നിര്‍ദേശിച്ചത്.
ആശുപത്രി എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ ഡോ. ബി.എസ്. അജയ്കുമാര്‍ ജീനോമിക് പ്രൊഫൈലിങ്, മൈക്രോബയോം പ്രൊഫൈലിങ് എന്നിവയും കീമോ, റേഡിയേഷന്‍ തെറാപ്പിയും നിര്‍ദേശിച്ചെന്ന് ബെംഗളൂരു ആശുപത്രിയിലെ ചികിത്സാസംഗ്രഹത്തില്‍ പറയുന്നു.
എ.കെ. ആന്റണിയടക്കമുള്ള നേതാക്കളുംമറ്റും ഉമ്മന്‍ ചാണ്ടിക്ക് ശാസ്ത്രീയചികിത്സ നല്‍കാനുള്ള സാഹചര്യമൊരുക്കാന്‍ രംഗത്തെത്തിയിരുന്നു. സുഹൃത്തുക്കളുടെ സ്‌നേഹനിര്‍ബന്ധങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
Content Highlights: Oommen Chandi treatment bengaluru HCG hospital
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..