സോണി ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമ്മൻ ചാണ്ടി | Screengrab: മാതൃഭൂമി ന്യൂസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട ശേഷം പ്രതികരണവുമായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംഘടനാ കാര്യങ്ങളാണ് പാര്‍ട്ടി അധ്യക്ഷയുമായി ചര്‍ച്ചചെയ്തതെന്നും പ്രശ്നങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ തന്നെ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ദേശീയതലത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുനഃസംഘടന നടത്തുന്നതിനെ കുറിച്ച് തനിക്ക് വ്യക്തമായ അഭിപ്രായമുണ്ടെന്നും എന്നാല്‍ അത് മാധ്യമങ്ങളോട് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയകാര്യസമിതിയെ നോക്കുകുത്തിയാക്കി സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുന്നതിലേയും അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതിലേയും എതിര്‍പ്പ് ഉമ്മന്‍ചാണ്ടി അറിയിച്ചുവെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും പറയാവുന്നത്ര കാര്യങ്ങള്‍ പറഞ്ഞുകഴിഞ്ഞുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. പറയേണ്ട കാര്യങ്ങളെല്ലാം പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുനഃസംഘടന നിര്‍ത്തിവെക്കണമെന്ന അഭിപ്രായമാണോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചെങ്കിലും അങ്ങനെ പറഞ്ഞിട്ടില്ലെന്ന പ്രതികരണം നല്കി അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. അതേസമയം, പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ പുനഃസംഘടന നടത്താതെ മു്ന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പ്രതികരിച്ചത്. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും പുനഃസംഘടന നടത്തുന്നത് ഉത്തരേന്ത്യയില്‍ പതിവാണെന്നാണ് സതീശന് പറഞ്ഞത്. മുതിര്‍ന്ന നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അവരുടെ അഭിപ്രായം പരിഗണിക്കുമെന്നും സതീശന് പറഞ്ഞിരുന്നു.
അതേസമയം, പുനഃസംഘടന സംബന്ധിച്ച് ഉമ്മന്‍ചാണ്ടിക്ക് അസംതൃപ്തിയുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള താരീഖ് അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെ.സി വേണുഗോപാലുമായും ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയിരുന്നു. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനഃസംഘടന വേണ്ടെന്ന നിലപാടാണ് ഗ്രൂപ്പുകള്‍ക്കുമുള്ളത്.
Content Highlights: Oommen chandi reacts after meeting sonia gandhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..