ഉമ്മൻചാണ്ടി(ഫയൽഫോട്ടോ):രാമനാഥ് പൈ|മാതൃഭൂമി
കോട്ടയം: നിയമസഭയുടെ റെക്കോര്‍ഡ് ബുക്കില്‍ കയറി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭാ സാമാജികനായി 51 വര്‍ഷവും മൂന്നേകാല്‍ മാസവും പൂർത്തിയാക്കിയതോടെ മുന്‍ മന്ത്രി കെ.എം. മാണിയുടെ റെക്കോര്‍ഡാണ് ഉമ്മന്‍ചാണ്ടി തിരുത്തിക്കുറിച്ചത്. ഓരോ നിയമസഭയും രൂപവത്കരിച്ച തീയതി കണക്കാക്കിയുള്ള കണക്കാണിത്.
27-ാം വയസ്സില്‍ പുതുപ്പള്ളിയില്‍നിന്ന് വിജയിച്ച് നിയമസഭയിലെത്തി ഉമ്മന്‍ചാണ്ടി 18728 ദിവസമാണ് നിയമസഭയില്‍ പൂര്‍ത്തിയാക്കിയത്. ഇക്കാലമത്രയും പുതുപ്പള്ളിയെ മാത്രമേ ഉമ്മന്‍ചാണ്ടി പ്രതിനിധീകരിച്ചിട്ടുള്ളൂവെന്നതും പ്രത്യേകതയാണ്.എന്നാല്‍ ഏറ്റവും കാലം മന്ത്രിയായിരുന്ന റെക്കോര്‍ഡ് ഇപ്പോഴും കെ.എം. മാണിക്ക് തന്നെയാണ്. 8759 ദിവസമാണ് കെ.എം മാണി മന്ത്രി സ്ഥാനത്തിരുന്നത്.
ആകെയുള്ള 12 മുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ചാണ്ടിക്ക് 2459 ദിവസമാണ്. അതായത് നാലാം സ്ഥാനം. ഇകെ നായനാര്‍ 4009 ദിവസം, കെ. കരുണാകരന് 3246 ദിവസം, സി. അച്യുതമേനോന് 2640 ദിവസം എന്നിവരാണ് മുന്നിലുള്ളത്.
കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖമെന്നാണ് ഉമ്മന്ചാണ്ടിയേക്കുറിച്ച് പറയുന്നത്. അധികാരം ഒരിക്കലും പ്രദര്‍ശിപ്പിക്കില്ലെന്നത് തന്നെയാണ് അദ്ദേഹത്തിന്റെ സവിശേഷതകളിലൊന്ന്. തന്റെ താഴേയുള്ളവരോട് ഒരിക്കലും കയര്‍ക്കാത്ത, വിയോജിക്കേണ്ടിടത്ത് ശക്തമായി വിയോജിക്കുന്ന സ്വഭാവം. ഉമ്മന്‍ചാണ്ടിയുമായി സംസാരിക്കുമ്പോഴോ ഇടപഴുകുമ്പോഴോ അധികാരത്തിന്റെ സാന്നിധ്യം നമ്മളെ പേടിപ്പിക്കില്ലെന്ന് പറയുന്നു അദ്ദേഹവുമായി അടുത്ത് ബന്ധമുള്ളവര്‍.
ഉമ്മന്‍ചാണ്ടിയും കെ.എം മാണിയും മാത്രമാണ് നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയത്. ഇതുവരേയുള്ള 970 എം.എല്‍.എമാരില്‍ ഉമ്മന്‍ചാണ്ടിക്കും കെ.എം മാണിക്കും പിന്നിലുള്ളത് കെ.ആര് ഗൗരിയമ്മ, ബേബി ജോണ്‍, പി.ജെ ജോസഫ്, സി.എഫ് തോമസ് എന്നിവരാണ്. ഇവര്‍ നാല്പത് വര്‍ഷംവീതം എം.എല്‍.എ ആയവരാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..