തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും പുറത്തു വരികയും ബെംഗളൂരു ഹൈക്കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത സാഹചര്യത്തില്‍ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കില്ലെന്ന് മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഇനി താന്‍ കൂടുതല്‍ സജീവമാക്കുമെന്നും തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ജനങ്ങളുമായി നടത്തിയ തത്സമയ സംവാദത്തിനിടെ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. 

സാധാരണഗതിയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് 2019-ലാണ് വരേണ്ടത് അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി കൊണ്ടിരിക്കകയാണ്. മതേതരത്വജനാധിപത്യകക്ഷികളുടെ ഐക്യമാണ് ആ തിരഞ്ഞെടുപ്പില്‍ വേണ്ടത്. ബീഹാറില്‍ ആ ഐക്യം നിലനിര്‍ത്തിയപ്പോള്‍ നാം ജയിച്ചു. യുപിയില്‍ അത് നഷ്ടപ്പെട്ടപ്പോള്‍ നാം തോറ്റു ഇത് മുന്നില്‍ കണ്ട് വേണം നാം മുന്നോട്ട് നീങ്ങാനെന്ന് ആളുകളുടെ ചോദ്യത്തിന് മറുപടിയായി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

കേരളം ജിഹാദികളുടെ നാടാണെന്നാണ് അമിത്ഷാ പറഞ്ഞത്. ഇത് തെറ്റാണ് കേരളം മതസൗഹാര്‍ദ്ദത്തിന്റെ നാടാണ്. വസ്തുതകള്‍ വളച്ചൊടിച്ച് കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് ശരിയല്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം പറഞ്ഞത് കേരളം സൊമാലിയയാണെന്നാണ് പിന്നീട് അദ്ദേഹത്തിന് അത് തിരുത്തേണ്ടി വന്നു. അതേ അവസ്ഥയായിരിക്കും ഇനി അമിത്ഷായ്ക്കും വരികയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

ഫേസ്ബുക്ക് ലൈവിനിടെ വിവിധ ചോദ്യങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടി.... 

 • പെട്രോള്‍-ഡീസല്‍ വിലയുടെ പേരില്‍ പകല്‍കൊള്ളയാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. വിലക്കയറ്റം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയമാണ്. കോണ്‍ഗ്രസിനെ നശിപ്പിക്കാനാണ് ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നത്. പക്ഷേ ഇക്കാര്യത്തില്‍ ഇവര്‍ തമ്മിലുള്ള ഐക്യവും പൊള്ളത്തരവും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് മുന്നോട്ട് പോവും. 
 • കോട്ടയം ഭാരത് ഹോസ്പിറ്റലിലെ നഴ്‌സുമാരുടെ സമരത്തില്‍ താനും സ്ഥലം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇടപെട്ടിരുന്നു. മാനേജ്‌മെന്റുമായും ജീവനക്കാരുമായും ഇക്കാര്യത്തില്‍ തങ്ങള്‍ സംസാരിച്ചുവെങ്കിലും ഒത്തുതീര്‍പ്പിലെത്തുവാന്‍ സാധിച്ചില്ല. സമരം എത്രയും പെട്ടെന്ന് തീര്‍ക്കണമെന്നാണ് തന്റേയും തിരുവഞ്ചൂരിന്റേയും നിലപാട്.
 • ബെംഗളൂരു കോടതി തന്നെ കേസില്‍ കുറ്റവിമുക്തനാക്കിയ സംഭവത്തെക്കുറിച്ചും ഫേസ്ബുക്ക് ലൈവില്‍ അദ്ദേഹം വിശദീകരിച്ചു. താന്‍ തട്ടിപ്പിനിരയായി എന്ന് പറഞ്ഞാണ് കേസിലെ പരാതിക്കാരാന്‍ തന്നെ ആദ്യം സമീപിച്ചത്. തന്റെ പേര് കൂടി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് അറിഞ്ഞപ്പോള്‍ താന്‍ തന്നെ ഡിജിപിയെ വിളിച്ചു വരുത്തി പരാതി കൈമാറി. പിറ്റേന്ന് തന്നെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരനും തട്ടിപ്പുകാരും തമ്മില്‍ നടന്ന സാമ്പത്തികഇടപാടുകളെക്കുറിച്ച് പലസംശയങ്ങളും ഉയര്‍ന്നു പരാതിക്കാരന്‍ തന്നെ അന്വേഷണത്തോട് സഹകരിക്കാതെ വന്നു അങ്ങനെയാണ് അന്വേഷണം മന്ദഗതിയിലാവുന്നത്. 
 • ബെംഗളൂരു കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ താന്‍ തട്ടിപ്പിന്റെ ഭാഗമാണെന്ന് പറഞ്ഞിരുന്നില്ല. എന്നിട്ടും തന്റെ പേര് പ്രതിപട്ടികയില്‍ വരുന്ന അവസ്ഥവന്നു. തിരഞ്ഞെടുപ്പ് കാലത്തെ തിരക്കിനിടയിലായിരുന്നു ഈ നടപടികള്‍ എന്നതിനാല്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ താന്‍ കേസ് കൈകാര്യം ചെയ്തില്ല. ബെംഗളൂരു കോടതിയില്‍ ഹാജരാവാന്‍ ലഭിച്ച നോട്ടീസ് അതേ പോലെ അഭിഭാഷകന് കൈമാറുകയാണ് ചെയ്തത്. അതൊരു വീഴ്ച്ചയാണ്.
 • പക്ഷേ തെറ്റൊന്നും ചെയ്തില്ല എന്ന ഉറച്ച ബോധ്യമാണ് കേസുമായി മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചത്. ഒടുവില്‍ നിരപരാധിത്വം തെളിയിച്ചു കൊണ്ട് കോടതി തന്നെ വിമുക്തനാക്കുകയും ചെയ്തു. സോളാര്‍ കേസ് അടക്കം എല്ലാ സംഭവങ്ങളിലും ജുഡീഷ്യല്‍ അന്വേഷണം തുടരണമെന്ന നിലപാടാണ് താന്‍ സ്വീകരിച്ചത്. ഇതേക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണ മാറാന്‍ അത് അനിവാര്യമാണ്. 
 • കേരളമല്ലാതെ മറ്റൊരു നാട്ടില്‍ ആയിരുന്നുവെങ്കില്‍ 25 കൊല്ലം മുന്‍പേ തന്നെ വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുമായിരുന്നു. താന്‍ തന്നെ മൂന്നാം തവണ നടത്തിയ പരിശ്രമത്തിലാണ് കരാര്‍ യഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചത്. കരാറില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഏത് ഘട്ടത്തില്‍ വേണമെങ്കിലും നഷ്ടപരിഹാരം പോലും നല്‍കാതെ കേരളത്തിന് കരാറില്‍ നിന്നു പിന്‍മാറാം. 
 • കരാര്‍ ടെന്‍ഡര്‍ ചെയ്യുന്നതിന് മുന്‍പുണ്ടാക്കിയ ഡ്രാഫ്റ്റ് കരാറില്‍ നിന്ന് വള്ളിപുള്ളി മാറ്റമില്ലാതെയാണ് കരാര്‍ നടപ്പാക്കുന്നത്. അദാനിക്ക് വേണ്ടി ഒരു തിരുത്തും കൃതിമവും കരാറില്‍ കാണിച്ചിട്ടില്ല. കരാര്‍ കാലാവധി മുപ്പത് വര്‍ഷത്തില്‍ നിന്ന് നാല്‍പ്പത് വര്‍ഷമാക്കിയത് താനോ യുഡിഎഫ് സര്‍ക്കാരോ അല്ല. കേന്ദ്ര ആസൂത്രണകമ്മീഷണനാണ്. 
 • കോണ്‍ഗ്രസ് നിയമവാഴ്ച്ചയെ ബഹുമാനിക്കുന്നത് കൊണ്ടാണ് കോണ്‍ഗ്രസ് ഭരണകാലത്ത് കേരളത്തില്‍ ക്രമസമാധാനം സുരക്ഷിതമായിരിക്കുന്നത്. കേരളത്തിലെ കോളേജ് ക്യാംപസുകളില്‍ ഇപ്പോള്‍ നടക്കുന്ന ഗുണ്ടായിസം നിയമവാഴ്ച്ചയുടെ തകര്‍ച്ചയാണ് കാണിക്കുന്നത്. ആലപ്പുഴയില്‍ കെഎസ് യുവിന്റെ വനിതാപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്. ആക്രമണത്തേക്കാളേറെ എന്നെ ഉലച്ചത് കേസില്‍ പോലീസ് സ്വീകരിച്ച നിലപാടാണ്. സിപിഎം ഓഫീസില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് പോലീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 
 • നഴ്‌സുമാര്‍ ഒരുവലിയ സേവനമാണ് ചെയ്യുന്നത്. കേരളത്തിലെ നഴ്‌സുമാര്‍ക്ക് ആഗോളതലത്തില്‍ തന്നെ നല്ല സല്‍പ്പേരുണ്ട്. നഴ്‌സുമാര്‍ക്ക് ശമ്പളം കുറവാണെന്ന് പൊതുവേ ആക്ഷേപമുണ്ട് ആ കാര്യത്തില്‍ ഇപ്പോള്‍ സര്‍ക്കാരും ഇടപെട്ടിട്ടുണ്ട്. അവര്‍ക്ക് മികച്ച വേതനം ഉറപ്പാക്കണമെന്നാണ് അഭിപ്രായം. 
 • ജിഎസ്ടി മൂലം ജനങ്ങള്‍ക്ക് നേട്ടമാണെന്നൊക്കെയാണ് പ്രധാനമന്ത്രിയും അരുണ്‍ ജെയ്റ്റലിയുമൊക്കെ പറഞ്ഞിരുന്നത്. എന്നാല്‍ വലിയ പ്രയാസങ്ങളാണ് ഇത് മൂലം സാധാരണക്കാര്‍ക്കുണ്ടായിരികക്ുന്നത്. ഇത് പരിഹാരിക്കാന്‍ കേന്ദ്രം തയ്യാറാവണം. 
 • ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ റോളുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങളെ ഒഴിവാക്കി മുന്നോട്ട് പോവുന്നത് ശരിയല്ല. മാധ്യമങ്ങള്‍ക്കും ചില വീഴ്ച്ചകള്‍ സംഭവിക്കുന്നുണ്ട് അത് ജനാധിപത്യപരമായി ചൂണ്ടിക്കാട്ടുമ്പോള്‍ അത് അംഗീകരിക്കാനും തിരുത്താനും മാധ്യമങ്ങളും തയ്യാറാവണം.