കോഴിക്കോട്: നിലമ്പൂരില്‍ മാവോവാദികളെ വധിച്ച പോലീസ് നടപടിയെ ന്യായീകരിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്വന്തം ജീവന്‍ പണയം വച്ചും ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അനാവശ്യമായി വേട്ടയാടുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പോലീസ് സേനയുടെ മനോവീര്യം കെടുത്തുന്ന പ്രസ്താവനകള്‍ തനില്‍ നിന്നുണ്ടാവില്ലെന്നും മുന്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തെക്കേ ഇന്ത്യയിലും മറ്റും മാവോവാദികള്‍ വലിയ സുരക്ഷാഭീഷണിയാണ് ഉയര്‍ത്തുന്നത്. നിയമവിരുദ്ധമായ എന്തെങ്കിലും നടപടികള്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായെങ്കില്‍ സര്‍ക്കാരിന് നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

ചിലപ്പോള്‍ നടപടിക്രമങ്ങളില്‍ പാളിച്ചകള്‍ ഉണ്ടായെന്ന് വരാം. അതെല്ലാം പരിശോധിക്കേണ്ടത് സര്‍ക്കാരാണ്. പൊതുജനമധ്യത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പോലീസിന്റെ മനോവീര്യം തകര്‍ക്കുന്നതിനോട് യോജിക്കാനാവില്ല -ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.