തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ആര്‍.ശങ്കര്‍ പ്രതിമ അനാഛാദന ചടങ്ങില്‍നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി. ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ചടങ്ങില്‍നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തി.

വെള്ളാപ്പള്ളി പ്രതിഷ്ഠിക്കുന്നത് ആര്‍.എസ്.എസ് ശങ്കറിനെ: വി.എസ്

V.S Achuthanandan

തിരുവനന്തപുരം: ആര്‍.ശങ്കറിന്റെ പ്രതിമ അനാഛാദന ചടങ്ങില്‍നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയ സംഭവത്തില്‍ വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. കൊല്ലത്ത് വെള്ളാപ്പള്ളി പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത് ആര്‍.എസ്.എസ് ശങ്കറിനെയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. ആര്‍ ശങ്കറിനെ അപമാനിക്കുന്നതിന് തുല്യമാണിത്. സംഘപരിവാര്‍ ധര്‍മ്മ പരിപാലന സംഘമായി എസ്.എന്‍.ഡി.പി അധപതിച്ചു. ചടങ്ങില്‍നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടി കേരള ജനതയോട് കാട്ടിയ ധിക്കാരമാണെന്നും വി.എസ് പറഞ്ഞു.

വെള്ളാപ്പള്ളിയെ ന്യായീകരിച്ച് സുരേഷ് ഗോപി

Suresh gopiതിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ ആലുവയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് നടന്‍ സുരേഷ്‌ഗോപി രംഗത്തെത്തി. മാന്‍ഹോളില്‍വീണ് മരിച്ച നൗഷാദിനെക്കുറിച്ച് പറഞ്ഞത് വര്‍ഗീയമായി കാണേണ്ടതില്ല. വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ബി.ഡി.ജെ.എസ് വരുന്നതനെ ഭയക്കുന്നത് എന്തിന്. ആര്‍ ശങ്കറിന്റെ പ്രതിമ അനാഛാദനത്തില്‍നിന്ന് ആരെയും മാറ്റിനിര്‍ത്തേണ്ടതില്ല. എന്നാല്‍ ഇക്കാര്യം തീരുമാനിക്കേണ്ടത് എസ്.എന്‍.ഡി.പിയാണെന്ന് സുരേഷ്‌ഗോപി പറഞ്ഞു.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ചടങ്ങില്‍നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ബി.ജെ.പിയുടെ ആവശ്യപ്രകാരമാണ് മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കരുതെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടതെന്നാണ് സൂചന. മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ ചില കേന്ദ്രങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് വെള്ളാപ്പള്ളി അറിയിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഡിസംബര്‍ 15 ന് കൊല്ലത്താണ് പ്രതിമാ അനാഛാദനം. താനും മുഖ്യമന്ത്രിയും തമ്മില്‍ അങ്ങനെ പലതും സംസാരിക്കുമെന്നും അതൊന്നും മാധ്യമങ്ങളോട് പറയാനാകില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. വിഷയത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ട സമയമല്ല ഇതെന്നും പലകാര്യങ്ങളും പരസ്യമായി പറയുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇക്കാര്യത്തില്‍ 15 ന് ശേഷം വിശദമായ ചര്‍ച്ചകളോ പ്രതികരണങ്ങളോ ആകാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സംഭവം വിവാദമായതോടെ, മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്താല്‍ എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉള്ളതുകൊണ്ടാണ് പ്രതിമ അനാഛാദന ചടങ്ങില്‍നിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതെന്ന വിശദീകരണവുമായി വെള്ളാപ്പള്ളി നടേശന്റെ ഓഫീസ് രംഗത്തെത്തി. എന്നാല്‍, ഇത്തരത്തില്‍ ഒരു രഹസ്യാന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോ വ്യക്തമാക്കി.

മുഖ്യമന്ത്രിയെ ഒഴിവാക്കിയ ശക്തി ആരെന്ന് വെളിപ്പെടുത്തണം: ആന്റണി

തിരുവനന്തപുരം: പ്രതിമാ അനാഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ ശക്തി ആരാണെന്ന് വെളിപ്പെടുത്തമെന്ന് എ.കെ. ആന്റണി.ചടങ്ങിലേക്ക്  ക്ഷണിച്ചിട്ട് ഒഴിവാക്കിയത് അപമാനിക്കലാണ്. മുഖ്യമന്ത്രിയെ ഒഴിവാക്കിയ ശക്തി ആരാണെന്നറിയാന്‍ ജനങ്ങള്‍ക്ക്  അവകാശമുണ്ടെന്നും മുഖ്യമന്ത്രിയെ ഒഴിവാക്കിയതാരാണെന്ന് വിശദീകരണം നല്‍കേണ്ട ബാധ്യത പ്രധാനമന്ത്രിക്കുണ്ടെന്നും ആന്റണി പറഞ്ഞു. സംഭവത്തില്‍ ദു:ഖമുണ്ടെന്നും ആര്‍.ശങ്കര്‍ പ്രതിമാ അനാഛാദനം വിവാദമാക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ബി.ജെ.പിയുടെ സമ്മര്‍ദ്ദമെന്ന് ചെന്നിത്തല

തിരുവനന്തപുരം:  ആര്‍ ശങ്കറിന്റെ പ്രതിമ അനാഛാദന ചടങ്ങില്‍നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ബി.ജെ.പിയുടെ സമ്മര്‍ദ്ദം മൂലമാണെന്ന് സംശയിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. മുഖ്യമന്ത്രി ആരെന്നതല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഓര്‍ക്കണമായിരുന്നു. ശരിയായ നടപടിയല്ല ഇതെന്നും  അദ്ദേഹം പറഞ്ഞു. 

വെള്ളാപ്പള്ളിക്ക് പിന്നില്‍ ഫാസിസ്റ്റ് ശക്തികള്‍: സുധീരന്‍

ആര്‍ ശങ്കറിന്റെ പ്രതിമ അനാഛാദന ചടങ്ങില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാത്തത് അനൗചിത്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളിക്ക് പിറകില്‍ ഫാസിസ്റ്റ് ശക്തികളുണ്ടെന്ന് സംശയിക്കുന്നതായും സുധീരന്‍ പറഞ്ഞു. 

കേരള ജനതയെ അപമാനിച്ചതിന് തുല്യം: കെ.പി.എ മജീദ്

കോഴിക്കോട്: പ്രതിമ അനാഛാദന ചടങ്ങില്‍നിന്ന് ഒഴിവാക്കിയ നടപടി മുഖ്യമന്ത്രിയോട് കാട്ടിയ നീതികേടാണെന്ന് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മദീദ് പറഞ്ഞു. മലയാളികളെ അപമാനിക്കുന്നതിന് തുല്യമാണിത്. അസഹിഷ്ണുതയുടെ കേന്ദ്രം ഏതെന്ന് വെളിപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വെള്ളാപ്പള്ളിക്ക് എന്ത് അധികാരം? : ഗോകുലം ഗോപാലന്‍

മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ വെള്ളാപ്പള്ളിക്ക് അധികാരമില്ലെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. ശ്രീനാരയണീയതത്വങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇത് ഉള്‍ക്കൊള്ളാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ട സമയം ഇതല്ല: വെള്ളാപ്പള്ളി

ഈ വിഷയത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ട സമയമല്ല ഇതെന്നും പലകാര്യങ്ങളും പരസ്യമായി പറയുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ 15 ന് ശേഷം വിശദമായ ചര്‍ച്ചകളോ പ്രതികരണങ്ങലോ ആകാമെന്നും വെള്ളാപ്പള്ളി അറിയിച്ചു.