തിരുവനന്തപുരം: കവിയും ഗാനരചയിതാവും ജ്ഞാനപീഠ ജേതാവുമായ ഒ.എന്‍.വി കുറുപ്പ് (84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. അറുപത് വര്‍ഷത്തിലേറെയായി മലയാള സാഹിത്യ രംഗത്ത് നിറഞ്ഞു നിന്ന അദ്ദേഹത്തിന് ജ്ഞാനപീഠം ഉള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പാടിപ്പതിഞ്ഞ ഒട്ടേറെ ചലചിത്രഗാനങ്ങളുടെ സ്രഷ്ടാവെന്ന നിലയില്‍ മലയാളിക്ക് സുപരിചിതനാണ് ഒ.എന്‍.വേലുക്കുറുപ്പ് എന്ന ഒ.എന്‍.വി. 1931 മെയ് 27ന് കൊല്ലം ജില്ലയിലെ ചവറയില്‍ ഒ.എന്‍. കൃഷ്ണക്കുറുപ്പിന്റേയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി ജനിച്ചു. പി.പി. സരോജിനിയാണ് ഭാര്യ. മക്കള്‍: രാജീവന്,ഡോ. മായാദേവി.
ധനതത്വശാസ്ത്രത്തില്‍ ബി.എ.ബിരുദവും മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ഒ.എന്‍.വി 1957 ലാണ് എറണാകുളം മഹാരാജാസ് കോളജില്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കാല് നൂറ്റാണ്ടോളം ഈ മേഖലയില്‍ നിറഞ്ഞു നിന്ന അദ്ദേഹം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് കോഴിക്കോട്, ഗവ. ബ്രണ്ണന്‍ കോളജ് തലശ്ശേരി, ഗവ. വിമന്‍സ് കോളജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിഭാഗം തലവനായിരുന്നു.
1986 മേയ് 31ന് ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ചശേഷം ഒരു വര്‍ഷം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറായി. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു.
റഷ്യ, അമേരിക്ക, ജര്‍മ്മനി, സിംഗപ്പൂര്‍, ബ്രിട്ടണ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛന് പുരസ്കാരം, വള്ളത്തോള്‍ പുരസ്കാരം, വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ്, ആദ്യത്തെ മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, ആശാന് പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
ചലച്ചിത്രഗാനരചനയ്ക്ക് 12 തവണ കേരള സംസ്ഥാന അവാര്‍ഡ് നേടി. ദേശീയ അവാര്‍ഡും (1989) പദ്മശ്രീയും ലഭിച്ചു (1998). കലാമണ്ഡലം ചെയര്മാന് ആയിരുന്നു. കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നല്കി ആദരിച്ചു (1999).
പൊരുതുന്ന സൗന്ദര്യം, ഞാന്‍ നിന്നെ സ്നേഹിക്കുന്നു, മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, മയില്‍പ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്നിശലഭങ്ങള്‍, ഉപ്പ്, ഭൂമിക്ക് ഒരു ചരമഗീതം, ശാര്ങ്ഗകപ്പക്ഷികള്, മൃഗയ, വെറുതെ, അപരാഹ്നം, ഉജ്ജയിനി, സ്വയംവരം, ഭൈരവന്റെ തുടി, ഈ പുരാതന കിന്നരം എന്നിവ മുഖ്യകൃതികള്‍.