കൊച്ചി:  ഓണ്‍ലൈന്‍ റമ്മിക്കെതിരായ ഹര്‍ജിയില്‍ ബ്രാന്‍ഡ്‌ അംബാസിഡര്‍മാരായ താരങ്ങള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. വിരാട് കോലിക്കും തമന്നയ്ക്കും അജു വര്‍ഗീസിനും എതിരേയാണ് നോട്ടീസ്. ഓണ്‍ലൈന്‍ റമ്മി തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്. 

തൃശ്ശൂര്‍ സ്വദേശിയായ പോളി വര്‍ഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്.  ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍  ഓണ്‍ലൈന്‍ ആയുള്ള റമ്മി മത്സരങ്ങള്‍ ധാരാളമായി വരുന്നു.  അത് നിയമപരമായി തടയണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. മറ്റ് സംസ്ഥാനങ്ങള്‍ ഇത് ചെയ്തിട്ടുണ്ട്. കേരളത്തില്‍ 1960ലെ നിയമമുണ്ട്‌. പക്ഷേ മറ്റു നടപടികളിലേക്ക് കടന്നിട്ടില്ല. അതില്‍ ഓണ്‍ലൈന്‍ റമ്മി എന്ന വിഷയം ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ നിയമപരമായി തടയണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ബ്രാന്‍ഡ്‌ അംബാസിഡര്‍മാരായ താരങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയും മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തു എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് പരിഗണിച്ചാണ് ഹൈക്കോടതി മൂന്ന് പേര്‍ക്കും നോട്ടീസ് അയക്കാന്‍ ഉത്തരവായത്‌.

സംസ്ഥാന സര്‍ക്കാരിനോടും വിശദീകരണം തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നോട്ടീസിന് മറുപടി ലഭിച്ച ശേഷം കോടതി വിശദമായ വാദം കേള്‍ക്കും.  

 Content Highlight: Online Rummy:  High Court issues notice to Virat Kohli, Tamanna and Aju Varghese