ആന്റണി ജാക്സൺ
കൊച്ചി: 'എന്റെ പേര് ആന്റണി ജാക്സണ്, വീട് എറണാകുളം ജില്ലയിലെ ചെട്ടിക്കാട്. മുനമ്പം ഹാര്‍ബറിലാണ് ജോലി ചെയ്യുന്നത്. ഈ അടുത്ത കാലത്ത് 25000 രൂപ ഞാന്‍ വിന് ചെയ്തു. എന്റെ അക്കൗണ്ടിലേക്ക് അത് എത്രയും പെട്ടെന്ന് ക്രൈഡിറ്റ് ആകുകയും ചെയ്തു. ഈ പണം എന്റെ അക്കൗണ്ടിലേക്ക് വന്നപ്പോള്‍ എനിക്ക് വളരെ അധികം സന്തോഷവും വീണ്ടും കളിക്കണമെന്നും എനിക്ക് തോന്നി.നിങ്ങളും എന്നെ പോലെ കളിച്ചുകൊണ്ടേയിരിക്കൂ' ഫെയ്സ്ബുക്കിലും മറ്റു സ്ഥിരമായി കണ്ടുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യമാണിത്. എന്നാല്‍ ഇത് വെറും ചതിക്കുഴി ആണെന്നും ഓണ്‍ലൈന്‍ റമ്മി കളിച്ച് താന്‍ കാശുകാരനായിട്ടില്ലെന്നും തുറന്ന് പറയുകയാണ് ഈ പരസ്യത്തില്‍ അഭിനയിച്ച ആന്റണി ജാക്സണ്.
പരസ്യത്തില്‍ അഭിനയിച്ചതിന് തനിക്ക് തുച്ഛമായ പൈസയാണ് ലഭിച്ചത്. സിനിമാ താരങ്ങളൊക്കെ അഭിനയിക്കുന്നത് കണ്ട് ആഗ്രഹം കൊണ്ടാണ് പരസ്യത്തില്‍ അഭിനയിച്ചത്. അത് വേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോള്‍ തോന്നുന്നത്. ഞാനിപ്പോഴും ഹാര്‍ബറില്‍ ജോലി ചെയ്യുന്നുണ്ട്. ആരും ഇതില്‍ കളിക്കരുതെന്നാണ് താന്‍ ഇപ്പോള്‍ പറയുന്നതെന്നും ജാക്സണ് പറയുന്നു.
'പരസ്യം ചെയ്തത് ഒരു അബദ്ധമായി തോന്നുന്നു. ഞാന്‍ അത് നിര്‍ത്താന്‍ കമ്പനിയോട് പറഞ്ഞിട്ടും അത് അവര്‍ കേള്‍ക്കുന്നില്ല. പരസ്യം ചെയ്ത് ഒന്ന് രണ്ട് ദിവസം കൊണ്ട് തന്നെ ഇതിന്റെ യഥാര്‍ഥ്യം തിരിച്ചറിഞ്ഞിരുന്നു' ജാകണ്സന് പ്രതികരിച്ചു.
ഓണ്‍ലൈന്‍ വഴി കളിച്ച് പണം കളഞ്ഞ് നിരവധി പേര് ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ നിരന്തരം വരുന്നുണ്ടെന്നും ഇത്തരം ഗെയിമുകളെ ശക്തമായി നിയന്ത്രിക്കണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായമെന്നും കഴിഞ്ഞ ദിവസം കെ.എന്‍.ബാലഗോപാല്‍ പറഞ്ഞിരുന്നു. ഇതിന്റെ നിയമപരവും സാങ്കേതികപരവുമായ കാര്യങ്ങള്‍ പരിശോധിച്ച് അതിനുള്ള നടപടികള്‍ തുടങ്ങുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
നിയമപരമായ പഴുതുകള്‍ ഉപയോഗിച്ച് ആയിരക്കണക്കിന് കോടി രൂപയാണ് ഓണ്‍ലൈനായി സാധാരണക്കാരുടെ പണം ഇത്തരം ഗെയിമുകള്‍ ഉണ്ടാക്കുന്നത്. ഇത്തരം പഴുതുകള്‍ അടച്ചുവേണം നടപടികള്‍ എടുക്കാന്‍. ഇവയില്‍ പലതും അതാത് സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ നികുതി ഘടനയുടെ ഉള്ളില്‍ നിന്ന് പ്രവര്ത്തിക്കുന്നവപോലുമല്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..