കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ്. ഓണ്‍ലൈന്‍ പരസ്യ വെബ്സൈറ്റിലൂടെ നടത്തുന്ന തട്ടിപ്പിനായി സിയാലിന്റെ വ്യാജ ലെറ്റര്‍പ്പാഡും തട്ടിപ്പുസംഘം ഉപയോഗിക്കുന്നുണ്ട്. ജോലിക്ക് മുന്‍പുള്ള വൈദ്യപരിശോധനയുടെയടക്കം പേരുപറഞ്ഞ് നിരവധി പേരില്‍ നിന്നാണ് സംഘം പണം തട്ടിയെടുത്തിരിക്കുന്നത്. 

കൊച്ചി വിമാനത്താവളത്തില്‍ ഡ്രൈവര്‍ റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന പേരില്‍ ഓണ്‍ലൈന്‍ പരസ്യ വെബ്സൈറ്റിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. 30,000 രൂപ വരെ ശമ്പളമെന്ന വാഗ്ദാനത്തില്‍ വീഴുന്നവര്‍ ജോലിക്കായി അപേക്ഷിക്കും. ഇതോടെ യുവാക്കളടക്കമുള്ളവര്‍ തട്ടിപ്പുകാരുടെ ചൂണ്ടയില്‍ കുരുങ്ങും. 

അപേക്ഷ നല്‍കി അധികം വൈകാതെ തന്നെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എച്ച്.ആര്‍. മാനേജര്‍ എന്ന പേരില്‍ വാട്ട്സാപ്പില്‍ സന്ദേശമെത്തും. ജോലിക്കാവശ്യമായ രേഖകള്‍ ഇ-മെയില്‍ വഴി അയക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് അപേക്ഷാ ഫീസ് ഇനത്തില്‍ 1050 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും കാശ് ലഭിച്ചുകഴിഞ്ഞാല്‍ സിയാലിന്റെയും വിമാനത്താവള അതോറിറ്റിയുടെയും വ്യാജ ലെറ്റര്‍പാഡില്‍, ജോലി ലഭിച്ചു എന്ന് അറിയിച്ചുകൊണ്ടുള്ള ഓഫര്‍ ലെറ്റര്‍ ഇ-മെയില്‍ സന്ദേശമായി ലഭിക്കുകയും ചെയ്യും. 

ഇതോടെ മിക്കവരും കെണിയില്‍ അകപ്പെടും. എത്രയും വേഗം ജോലിയില്‍ പ്രവേശിക്കണമെന്നും ഇതിനായി വൈദ്യപരിശോധനയ്ക്കും കോവിഡ് പരിശോധനയ്ക്കും മറ്റുമായി 3250 രൂപ ആവശ്യപ്പെടും. ഇതും വിശ്വസിച്ചു എന്ന് ബോധ്യപ്പെട്ടാല്‍ സംഘം ഒരു നിര്‍ദേശം കൂടി മുന്നോട്ടുവെക്കും. ജോലി ബോണ്ട് അടിസ്ഥാനത്തിലാണെന്നും ഇതിനായി 18,000 രൂപ കൂടി അടക്കണമെന്നും സന്ദേശമെത്തും. 

ഇങ്ങനെ ഏകദേശം 22,000ല്‍ അധികം രൂപ നഷ്ടപ്പെട്ടപ്പോഴാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഉദ്യോഗാര്‍ത്ഥിക്ക് താന്‍ വഞ്ചിക്കപ്പെട്ടുവെന്ന്  മനസ്സിലായത്. സാധാരണക്കാരന്റെ അറിവില്ലായ്മയാണ് ഇവിടെ ചൂഷണം ചെയ്യപ്പെടുന്നത്. കോവിഡ് കാലമായതിനാല്‍ നേരിട്ടുള്ള അഭിമുഖവും പരീക്ഷയുമൊന്നുമില്ലെന്ന് ഉദ്യോഗാര്‍ത്ഥികളെ പറഞ്ഞ് വിശ്വസിപ്പിക്കാനും തട്ടിപ്പ് സംഘത്തിന് സാധിക്കുന്നുണ്ട്. അപമാനം ഭയന്ന് പലരും ഇത് തുറന്നുപറയാന്‍ മടിക്കുന്നത് കാരണമാണ് ഇത്തരം സംഘങ്ങള്‍ സൈബര്‍ ലോകത്ത് വിലസുന്നത്. 

Content highlights: Online job scams claiming to offer jobs at kochi airport