കൊച്ചി: കാന നിർമാണത്തിനിടെ സ്ലാബ് തകർന്നുവീണ് തൊഴിലാളി മരിച്ച സംഭവത്തിൽ കലൂർ സാക്ഷ്യംവഹിച്ചത് ദാരുണമായ സംഭവങ്ങൾക്ക്. അപകടത്തിൽ ആന്ധ്രാപ്രദേശ് ചിറ്റൂർ സ്വദേശിയായ ധൻപാൽ നായ്ക്കാണ് മരിച്ചത്. സ്ലാബിനിടയിൽപ്പെട്ട് കുടുങ്ങിക്കിടന്ന മറ്റ് രണ്ടുപേരെ സാരമായ പരിക്കുകളോടെ രക്ഷപ്പെടുത്തി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

ആന്ധാപ്രദേശ് ചിറ്റൂർ സ്വദേശികളായ ഗാരുസ്വാമി നായിക്, ശിവാജി നായിക് എന്നിവരെയാണ് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. കലൂർ കതൃക്കടവ് റോഡിൽ ഷേണായിസിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിർമാണം നടന്നുകൊണ്ടിരുന്ന കാനയിലേക്ക് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണത്.

കാനയുടെ നിർമാണം നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. അപകടം നടന്ന സ്ഥലത്ത് ഒരു മീറ്റർ വീതിയുള്ള കാന ഉണ്ടായിരുന്നു. എന്നാൽ കൈയേറ്റത്തെ തുടർന്ന് കാനയുടെ വീതി കുറഞ്ഞു. തുടർന്ന് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കാനയുടെ നിർമാണം വേഗത്തിലാക്കുന്നതിന് നടപടി ആരംഭിക്കുകയായിരുന്നു. സമീപത്തുള്ള വീടിന്റെ സൺഷൈഡിൽ നാലിഞ്ച് കനത്തിലുള്ള കോൺക്രീറ്റ് സ്ലാബ് ഉണ്ടായിരുന്നു. കാന നിർമാണത്തിനിടെ ഈ സ്ലാബ് തൊഴിലാളികളുടെ മേൽ പതിച്ചാണ് അപകടം ഉണ്ടായത്.

സമീപത്തുള്ള വീടിന്റെ മുകളിലുണ്ടായിരുന്ന സ്ലാബ്, കാനയിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ധൻപാലിന്റെ ദേഹത്തേക്കും മറ്റ് രണ്ട് പേരുടെ അരക്ക് താഴ് ഭാഗത്തുമായാണ് പതിച്ചത്. ഗാരുസ്വാമി നായിക്, ശിവാജി നായികും അനങ്ങാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. ഫയർഫോഴ്സ് എത്തി കോൺക്രീറ്റ് കട്ടർ ഉപയോഗിച്ച് കോൺക്രീറ്റ് മുറിച്ച് മാറ്റിയാണ് രണ്ട് പേരെയും രക്ഷപ്പെടുത്തിയത്. ഇവരെ പുറത്തെടുത്തപ്പോഴാണ് കോൺക്രീറ്റ് ഭാഗത്തിന്റെ അടിയിൽ കാനയിൽ മുങ്ങിക്കിടന്ന നിലയിൽ ധൻപാലിനെ കണ്ടെത്തിയത്. രണ്ട് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് ധനപാലിന്റെ മൃതദേഹം പുറത്തെടുത്തത്.

കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് കാന നിർമാണം നടന്നത്. കോൺക്രീറ്റ് സ്ലാബ് താങ്ങിനിർത്തുന്നതിനുള്ള സംവിധാനങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ല. കാനയുടെ നിർമാണ പ്രവൃത്തികൾ അവസാനഘട്ടത്തിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്.

Content Highlights: worker died after concrete slab fell during the construction of a canal in Kaloor