ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഞായറാഴ്ച തുറക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റിമീറ്ററാണ് തുറക്കുന്നത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഇതിലൂടെ ഒഴുക്കിവിടുക. നിലവില്‍ 2398.8 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ഓറഞ്ച് അലര്‍ട്ടാണ് ഇടുക്കി ഡാമില്‍ നിലനില്‍ക്കുന്നത്. 2399.03 അടി ആയാല്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ മാത്രമാണ് ഇടുക്കി ഡാം തുറക്കാന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ അറിയിച്ചു.

മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുകയാണെങ്കില്‍ അവിടെ നിന്ന് ഒഴുകിയെത്തുന്ന ജലം കൂടി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കിയിലെ നടപടി. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെങ്കിലും പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. അതേസമയം ഇടുക്കി ഡാമിനെ സംബന്ധിച്ച് ഇതൊരു അസാധാരണ സാഹചര്യമാണ്. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ ഒക്ടോബര്‍ 16ന് ശേഷം ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് 2018ന് ശേഷം നിരവധി തവണ ഇടുക്കി ഡാം തുറക്കേണ്ട സ്ഥിതി വന്നിരുന്നു. അപ്പര്‍ റൂള്‍കര്‍വ് അനുസരിച്ച് 2400.03 അടിയാണ് ഇടുക്കിയുടെ സംഭരണശേഷി. ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന്റെ പകുതി പോലും തുറന്ന് വിടുന്നില്ല. മഴ കനത്താല്‍ കൂടുതല്‍ വെള്ളം ഒഴുക്കിവിടേണ്ടി വരും. അതേസമയം മൂലമറ്റം പവര്‍ഹൗസിലെ ഒരു ജനറേറ്റര്‍ തകരാരിലായിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഇത് പരിഹരിക്കുമെന്നാണ് വിവരം.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. 140 അടിയായാണ് ജലനിരപ്പ് ഉയര്‍ന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചു. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. ഇന്നലെ വൈകുന്നേരം മുതല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴയായിരുന്നു. രാത്രി മുതലുള്ള കണക്ക് പ്രകാരം നാലായിരം ഘനയടിയിലധികം ജലമാണ് ഓരോ മണിക്കൂറിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. 140 അടി കവിഞ്ഞതോട് കൂടിയാണ് തമിഴ്‌നാട് കേരളത്തിന് ഒരു മുന്നറിയിപ്പ് നല്‍കിയത്.

Content Highlights: one shutter of idukki dam to be opened today