കല്‍പറ്റ: വയനാട്ടില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. വയനാട് കമ്പളക്കാട് സ്വദേശി ജയനാണ് മരിച്ചത്. കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോഴാണ് ഇയാള്‍ക്ക് വെടിയേറ്റതെന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന ശരുണ്‍ എന്നയാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.

പാടത്ത് പന്നിയെ ഓടിക്കാന്‍ പോയപ്പോള്‍ മറ്റാരോ വെടിവെക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്നാണ് പോലീസ് പറയുന്നത്.  മരിച്ച ജയന് കഴുത്തിലാണ് വെടിയേറ്റത്. 

നാലംഗ സംഘമാണ് കമ്പളക്കാടിനടുത്ത് വണ്ടിയാമ്പറ്റയില്‍ രാത്രിയോടെ നെല്‍പ്പാടത്ത് എത്തിയത്. നെല്ല് കതിരായിരിക്കുന്ന സമയമായതിനാല്‍ കാട്ടുപന്നിയെ ഓടിക്കുന്നതിനാണ് തങ്ങള്‍ ഇങ്ങോട്ടേക്കെത്തിയതെന്നാണ് സംഘത്തിലെ രണ്ടുപേര്‍ പറയുന്നത്. സംഘത്തിലെ ഒരാളുടേതാണ് ഇവിടെയുള്ള കൃഷിയെന്നും ചോദ്യംചെയ്യലില്‍ ഇവർ പോലീസിനോട് പറഞ്ഞു.

അതേസമയം, വേട്ടയ്‌ക്കെത്തിയ സംഘമാണ് ഇവരെന്ന് നാട്ടുകാരില്‍ ചിലർ പറയുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമേ സംഭവത്തില്‍ വ്യക്തത വരൂവെന്ന് പോലീസ് അറിയിച്ചു.

Content Highlights : Man shot dead in Wayanad; Serious injury to another