കൊല്ലം: ഓര്‍ത്തഡോക്‌സ് സഭാ വൈദികർ പീഡിപ്പിച്ചുവെന്ന കേസിൽ ആരോപണവിധേയനായ ഒരു വൈദികൻ കീഴടങ്ങി. കേസില്‍ രണ്ടാം പ്രതിയായ ഫാ. ജോബ് മാത്യുവാണ് കീഴടങ്ങിയത്. കൊല്ലത്തെ ഡി.വൈ.എസ്.പി ഓഫീസിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്.

ഫാ.  ജോബ് മാത്യുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വൈദികനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് പോലീസ്.

മറ്റ് രണ്ട് വൈദികരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇവരെ കണ്ടെത്താനുള്ള പരിശോധനയും പോലീസിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്. 

ഇന്നലെ ഹൈക്കോടതി  വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു, ഫാ. ജെയ്സ് കെ. ജോര്‍ജ് എന്നിവര്‍ മജിസ്ട്രേറ്റ് കോടതിക്കുമുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. 

1999-ല്‍ വിവാഹവാഗ്ദാനം നല്‍കിയാണ് ഒന്നാംപ്രതി പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു. പിന്നീട് കുമ്പസാരവിവരത്തിന്റെ പേരിലും മറ്റും ഭീഷണിപ്പെടുത്തി മറ്റുപ്രതികളും പീഡിപ്പിച്ചു. ചിത്രം മോര്‍ഫ് ചെയ്തും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

കൊല്ലത്തെ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.