കൊച്ചി: പുതുച്ചേരി വ്യാജ രജിസ്‌ട്രേഷന് പിന്നാലെ ഒരേ നമ്പറില്‍ രണ്ട് വാഹനങ്ങള്‍ ഓടുന്നതായി കണ്ടെത്തല്‍. പി.വൈ. 01 സിജെ 1999 എന്ന നമ്പറിലാണ് കേരളത്തിലും പുതുച്ചേരിയിലും കാറുകള്‍ ഓടുന്നുണ്ടെന്ന് കണ്ടെത്തിയത്.  

ഈ നമ്പറില്‍ പുതുച്ചേരിയില്‍ ഓടുന്നത് ടയോട്ടയുടെ എത്തിയോസ് ആണെങ്കില്‍ കേരളത്തിലെ നിരത്തില്‍ പായുന്നത് ബെന്‍സാണ്. മോട്ടോര്‍ വാഹന വകുപ്പ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ ലിസ്റ്റെടുക്കുന്നതിനിടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പെട്ടത്. 

കണ്ണൂര്‍ സ്വദേശി സെയ്ദ് മുഹമ്മദിന്റെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്കിരിക്കുന്നത്. എന്നാല്‍, ഇയാള്‍ പിന്നീട് ഇത് മറ്റൊരാള്‍ക്ക് മറിച്ചുവിറ്റിട്ടുണ്ട്. 2015-ല്‍ വാങ്ങിയ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 2017-ല്‍ ആണെന്നും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. 

ഈ നമ്പറിലുള്ള ബെന്‍സ് റോഡില്‍ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, നോട്ടീസ് കൈപ്പറ്റിയ യഥാര്‍ഥ ഉടമസ്ഥന്‍ തന്റെ വാഹനം കേരളത്തില്‍ വന്നിട്ടില്ലെന്ന് വാഹന വകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഒരു നമ്പറില്‍ രണ്ട് കാര്‍ ഓടുന്നുണ്ടെന്ന് വ്യക്തമാക്കിയത്. 

കാറുകളുടെ വ്യാജ രജിസ്‌ട്രേഷന് പുറമെ ഇത്തരത്തില്‍ ഒരു തട്ടിപ്പ് കൂടി നടക്കുന്നുണ്ടെന്ന് ഈ അന്വേഷണത്തിലാണ് കണ്ടെത്തിയത്. വളരെ ഗുരുതരമായ നിയമ ലംഘനമാണ് ഇത്. വ്യാജ നമ്പറില്‍ കേരളത്തില്‍ ഓടുന്ന വാഹനം ഏതെങ്കിലും അപകടമുണ്ടാക്കിയാല്‍ പുതുച്ചേരിയിലുള്ള യഥാര്‍ഥ ഉടമസ്ഥനാകും പിടിയിലാകുന്നത്. 

ഈ സംഭവത്തെ തുടര്‍ന്ന് പുതുച്ചേരി രജിസ്‌ട്രേഷനില്‍ കേരളത്തില്‍ ഓടുന്ന എല്ലാ വാഹനങ്ങളെയും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.