-
തിരുവല്ല: സംസ്ഥാനത്ത് വ്യാഴാഴ്ച ഒരു കോവിഡ് മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. പാറശാല സ്വദേശിനി തങ്കമ്മ (82)യാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു മരണം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഏറെക്കാലമായി തിരുവല്ലയിലെ കവിയൂരിലായിരുന്നു തങ്കമയുടെ താമസം. അടുത്തിടെ അസുഖത്തെ തുടര്‍ന്ന് ഇവരെ തിരുവല്ലയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ചാണ് മരണം സംഭവിച്ചത്. തുടര്‍ന്നാണ് ഇവരുടെ സാമ്പിള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്ന് ഫലം വന്നതോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് തങ്കമ്മയുടെ മൃതദേഹം സംസ്കരിച്ചു. തിരുവല്ല നഗരസഭാ പരിധിയില്‍ നിലവില്‍ കണ്ടയ്ന്മെന്റ് സോണ്‍ ആണ്. ഇവരുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിവരികയാണ്. ഇവരുടെ കുടുംബാംഗങ്ങളെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നതിനിടെ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസിക്കും വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കാളികാവ് ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ തട്ടാന്‍പടിയിലെ പാലോട്ടില്‍ അബ്ദുല്‍ഗഫൂറിന്റെ മകന് ഇര്‍ഷാദലി (26) ആണ് ബുധനാഴ്ച മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇര്‍ഷാദലിക്ക് വീണ്ടും കോവിഡ് ബാധിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു
കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി മുഹമ്മദ് കോയ (70)യാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കെല്ലാം നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മുഹമ്മദ് കോയ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ മരണകാരണം കോവിഡ് ആണോ എന്ന കാര്യം വ്യക്തമായിട്ടില്ല.
Content Highlights: One more COVID 19 death in the state; woman dies at thiruvalla
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..