കോന്നിയിൽ നിർമാണത്തിലിരുന്ന വീട് | Photo: Screengrab from Mathrubhumi News
കോന്നി: പത്തനംതിട്ട കോന്നിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് തൊഴിലാളി മരിച്ചു. മങ്ങാനം പുതുപ്പറമ്പില്‍ അതുല്‍ കൃഷ്ണ (31) യാണ് മരിച്ചത്. വീടിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നുവീണതിനെത്തുടര്‍ന്നായിരുന്നു അപകടം. ഭിത്തിക്കും കോണ്‍ക്രീറ്റിനും ഇടയില്‍പ്പെട്ടുപോയ അതുലിന്റെ മൃതദേഹം രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്.
ഇന്ന് ഉച്ചക്ക് 2.30 ഓടെയാണ് സംഭവം ഉണ്ടായത്. കിഴേക്കേമുറിയില്‍ ജോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മിച്ച ഇരുനില കെട്ടിടത്തിന്റെ മുകള്‍ നിലയിലെ തട്ട് പൊളിക്കുമ്പോഴാണ് അപകടമുണ്ടായത്. തട്ട് പൊളിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ അടക്കം അഞ്ച് തൊഴിലാളികള്‍ ഇവിടെ ഉണ്ടായിരുന്നു.
രണ്ടാം നിലയുടെ തട്ട് പൊളിക്കുന്ന ജോലിയില്‍ അതുലും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും മാത്രമാണ് ഉണ്ടായിരുന്നത്. ഇത് പോളിക്കുന്ന വേളയില്‍ മേല്‍ക്കൂര അടര്‍ന്ന് അതുല്‍ കൃഷ്ണയുടെ ശരീരത്തില്‍ പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്തി അതുലിനെ പുറത്തെടുക്കാന്‍ സാധിച്ചില്ല. ഭിത്തിക്ക് മുകളില്‍ തകര്‍ന്ന് വീണ കോണ്‍ക്രീറ്റിന് ഇടയില്‍ അതുല്‍ പെട്ടുപോകുകയായിരുന്നു.
പത്തനംതിട്ടയില്‍ നിന്നും കോന്നിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി രണ്ടര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. ജോസ് എന്ന സ്ഥലമുടമ വീട് നിര്‍മിച്ച് വില്‍പ്പന നടത്തി വരുന്ന ആളാണ്. മുകള്‍ നിലയുടെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായിട്ട് രണ്ടാഴ്ചയില്‍ താഴെ മാത്രമേ ആയിട്ടുള്ളു എന്നാണ് വിവരം. അശാസ്ത്രീയ നിര്‍മാണരീതി അടക്കം അപകടത്തിന് വഴിവെച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
Content Highlights: One dead after building collapses in Pathanamthitta Konni
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..