തിരുവനന്തപുരം: അപൂര്‍വ രോഗം ബാധിച്ച മുഹമ്മദിന്റെ ചികിത്സയ്ക്കായി ദിവസങ്ങള്‍ കൊണ്ട് പതിനെട്ട് കോടി സമാഹരിച്ച കേരളത്തിന്റെ കാരുണ്യം ദേശീയതലത്തില്‍പോലും ശ്രദ്ധ നേടിയിരിക്കുകയാണ്. ഒന്നര വയസ്സുകാരന്‍ മുഹമ്മദിന് വേണ്ടി കേരളം ഒന്നാകെ കൈകോര്‍ത്തപ്പോള്‍ അതില്‍ മുന്നില്‍ നിന്ന ഒരാളുണ്ട്, നിലമ്പൂര്‍ സ്വദേശിയും പ്രവാസി വ്യവസായിയുമായ മഠത്തില്‍ ഷാജി.

ഒരു കോടി രൂപയാണ് ഷാജിയും സുഹൃത്തുക്കളും ചേര്‍ന്ന് മുഹമ്മദിനായി സമാഹരിച്ചത്. എന്നാല്‍ പണം അയക്കാന്‍ ഒരുങ്ങുമ്പോഴേക്കും മുഹമ്മദിനുള്ള പതിനെട്ട് കോടി ലഭിച്ചതായി വിവരം വന്നു. മുഹമ്മദിന് വേണ്ടി സമാഹരിച്ച ആ ഒരു കോടി രൂപ ഇനി എന്തുചെയ്യും? ദുബായിയിലെ ABRECO ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എം.ഡിയായ ഷാജി ഇതിന് ഉത്തരം നല്‍കുകയാണ്. മാതൃഭൂമി ന്യൂസിന്റെ 'ഞങ്ങള്‍ക്കും പറയാനുണ്ട്' എന്ന പരിപാടിയിലാണ് ഷാജി എത്തിയത്.

സ്വന്തം കമ്പനിയിലെ ജീവനക്കാര്‍ അടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് ചികിത്സാ സഹായം ചോദിച്ചുള്ള വീഡിയോ പങ്കുവെച്ചത്. 750 ഓളം പേരാണ് വിവിധ ഗ്രൂപ്പുകളിലായുള്ളത്. ഇത്രയും ആളുകള്‍ ചേര്‍ന്നാല്‍ ഒരു കോടിയെങ്കിലും നല്‍കാനാവുമെന്ന മെസേജാണ് ഞാന്‍ വീഡിയോയില്‍ പറഞ്ഞത്. ഞാന്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ എല്ലാവരും സഹകരിച്ചു. കണക്കുകള്‍ പരിശോധിച്ചപ്പോള്‍ കണ്ടത് മുഹമ്മദിനായി 1 കോടി 12 ലക്ഷം രൂപ ഞങ്ങള്‍ സമാഹരിച്ചുവെന്നാണ്. എന്നാല്‍ ഇത് അയക്കാനായി നോക്കുമ്പോഴാണ് കേരളത്തില്‍നിന്നുള്ള ആ വാര്‍ത്ത വന്നത്, ചികിത്സയ്ക്കുള്ള 18 കോടി തികഞ്ഞിരിക്കുന്നു. അപ്പോള്‍ പിന്നെ സംശയമായി, സമാഹരിച്ച പണം എന്തുചെയ്യും?  

ആശങ്കയിലിരിക്കുമ്പോഴാണ് സമാനമായ മൂന്ന് കേസുകള്‍ കൂടി ശ്രദ്ധയില്‍പ്പെട്ടത്. പെരിന്തല്‍മണ്ണയിലുള്ള ഇമ്രാന്‍, ലക്ഷദ്വീപിലുള്ള നാസര്‍, ഈറോഡുള്ള മൈത്ര..മൂന്ന് കുട്ടികള്‍ക്കും ഇതേ അപൂര്‍വരോഗമാണ്. അതുകൊണ്ട് ഞങ്ങള്‍ ശേഖരിച്ച ഈ മുഴുവന്‍ തുകയും ഇവര്‍ക്ക് മൂന്നുപേര്‍ക്കും കൂടി വീതിച്ച് നല്‍കാനാണ് തീരുമാനം. സാങ്കേതിക പ്രശ്നങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ ഇന്നോ നാളെയോ ആയി പണം അയക്കാനാണ് തീരുമാനം.- ഷാജി പറഞ്ഞു.

content highlights: one crore rupees raised for SMA victim Muhammed's treatment will be given to other 3 kids