തിരുവനന്തപുരം: വിതുര കല്ലാറില്‍ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കല്ലാര്‍ സ്വദേശി കൊച്ചുമോന്‍ എന്ന രാജേഷ് ആണ് അറസ്റ്റിലായത്. പാലോട് റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് രാജേഷിനെ കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെ ഇയാളെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ഹൃദ്രോഗ ബാധിതനാണ് രാജേഷ്. നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
ശനിയാഴ്ചയാണ് തിരുവനന്തപുരം വിതുര കല്ലാറിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാജേഷിന്റെ പുരയിടത്തിലാണ് ആന ചരിഞ്ഞത്. റബ്ബര്‍ ഷീറ്റ് ഉണക്കാനുള്ള കമ്പിയില്‍ വൈദ്യുതി കടത്തിവിട്ടിരുന്നു. ഈ വൈദ്യുതിയേറ്റാണ് ആന ചരിഞ്ഞത്. ചരിഞ്ഞ ആനയെ വിടാതെ നിന്ന കുട്ടിയാനയുടെ ചിത്രം നൊമ്പരക്കാഴ്ച ആയിരുന്നു.
ചരിഞ്ഞ പിടിയാനയ്ക്ക് സമീപം ആനയെ തൊട്ടും തലോടിയും നില്‍ക്കുകയായിരുന്നു കുട്ടിയാന. നിലത്തുകിടക്കുന്ന പിടിയാനയെ എഴുന്നേല്‍പ്പിക്കാന്‍ വിഫലശ്രമങ്ങളുമായി നടക്കുന്ന കുട്ടിയാനയുടെ ചിത്രം കരളലിയിക്കുന്നതായിരുന്നു. സമീപത്തെങ്ങും കാട്ടാനക്കൂട്ടം ഇല്ലാതിരുന്നതിനാല്‍ കുട്ടിയാനയെ കാട്ടിലേക്ക് തിരിച്ചയ്ക്കുന്നത് അപകടമാണെന്ന വിലയിരുത്തലിനേ തുടര്‍ന്ന് കുട്ടിയാനയെ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.
Content Highlights: One arrested in Vithura Elephant Death case