കൊച്ചി: ആന്ധ്രാപ്രദ്ദേശിലെ നക്‌സല്‍ ബാധിത  പ്രദേശത്തു നിന്നും കേരളത്തിലേക്ക്  വന്‍  തോതില്‍ കഞ്ചാവ്  കടത്തിയ സംഘത്തിലെ പ്രധാനിയെ എറണകുളം റൂറല്‍ പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട് ചോക്കാട് ചാലുവരമ്പ്  ഷറഫുദീനെ(39)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ  നവംബര്‍ മാസം  എറണകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ വിശാഖപട്ടണത്തിലെ ഗ്രാമത്തില്‍ നിന്ന് 150 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. തുടര്‍ന്ന് അങ്കമാലി  ഇന്‍സ്‌പെക്ടര്‍ സോണി മത്തായി എസ്.ഐ ടി.എം സൂഫി എന്നിവരടങ്ങുന്ന പ്രത്യേക സംഘം അന്വേഷണം നടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്. 

കേരളത്തിലെ കഞ്ചാവ് വിതരണ ശൃംഖലയെ കുറിച്ച് വ്യക്തമായ  വിവരം പോലിസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ  അന്വേഷണത്തില്‍  കേരളത്തിലേയ്ക്കുളള കഞ്ചാവ് വിതരണത്തിന്റെ പ്രധാന കേന്ദ്രം ആന്ധ്രപ്രദ്ദേശിലെ നക്‌സല്‍  ബാധിത പ്രദേശങ്ങളാന്നെന്ന്  മനസ്സിലായി.  തുടര്‍ന്ന് സംഘം സ്ഥലങ്ങളില്‍  പോയി പ്രാഥമിക അന്വേഷണം നടത്തി.   

അവിടെ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണതിനായി മറ്റൊരു സംഘതെ അയച്ചു. പിന്നീട് നടത്തിയ  അന്വേഷണത്തില്‍  ഒറീസ, ജാര്‍ഖണ്ഡ് അതിര്‍ത്തി പ്രദേശത്തുളള  പാഡേരു  എന്ന ഗ്രാമം  ആണ്  കേരളത്തിലേയ്ക്കുളള  കഞ്ചാവ് വിപണന വിതരണ കേന്ദ്രമെന്ന് മനസ്സിലായി. ഇവിടെ നിന്നാണ് കേരളം, തമിഴ്‌നാട്, കര്‍ണാടക , ഉത്തര്‍പ്രദേശ് ,രാജസ്ഥാന്‍  മുതലായ  സംസ്ഥാനങ്ങളിലേയ്ക്ക്  കഞ്ചാവ്  കയറ്റി അയക്കുന്നത്. കുറഞ്ഞ  വിലയില്‍ കിട്ടുന്ന കഞ്ചാവ്  10, 15  ഇരട്ടി  വിലയ്ക്കാണ്  മറ്റു  സംസ്ഥാനങ്ങളില്‍   വില്‍പ്പന  നടത്തുന്നത .  പ്രധാന  കഞ്ചാവ്  വില്‍പ്പനകാരുമായി  ഷറഫുദ്ദിന്  ബന്ധമുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതായി ജില്ല പോലീസ് മേധാവി  കെ.കാര്‍ത്തിക് പറഞ്ഞു. സീനിയര്‍ സിവില്‍ പോലീസ്  ഓഫീസര്‍മാരായ റോണി  ആഗസ്റ്റിന്‍,  ,ഷൈജു ആഗസ്റ്റിന്‍, ജീമോന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.