കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്റെ സ്വന്തം നാടായ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ആര്‍.എം.പി. ഭരിക്കും. യു.ഡി.എഫിന്റെ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച ആര്‍.എം.പി. രണ്ട് മുസ്ലിംലീഗ് അംഗങ്ങളുടെ പിന്തുണയോടെയാണ് സി.പി.എമ്മിനെ തോല്‍പിച്ച് പഞ്ചായത്ത് ഭരണം പിടിച്ചത്. കോണ്‍ഗ്രസ് ജെ.ഡി.യു അംഗങ്ങള്‍ വിട്ടുനിന്നു.

ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത പഞ്ചായത്തില്‍ എല്‍.ഡി.എഫിനാണ് കൂടുതല്‍ സീറ്റ്.

ഒഞ്ചിയം ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം ജെ.ഡി.യുവിന് കൈമാറുന്നതിനെ ചൊല്ലിയുണ്ടായ പ്രശ്‌നത്തിന്റെ പേരിലാണ് ടി.പി.ചന്ദ്രശേഖരന്‍ സി.പി.എം. വിട്ട് ആര്‍.എം.പി. രൂപവത്‌രിച്ചത്.

കെ.പി.ആര്‍. നഗറില്‍ നിന്ന് ജയിച്ച എ.പി.കവിതയാണ് പ്രസിഡന്റ്. കവിതയ്ക്ക് എട്ടും എതിര്‍ത്ത സി.പി.എം. സ്ഥാനാര്‍ഥിക്ക് ഏഴു വോട്ടുമാണ് ലഭിച്ചത്.

പതിനേഴംഗ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഏഴും ആര്‍.എം.പി.ക്ക് ആറും യു.ഡി.എഫിന് നാലും സീറ്റുമാണുള്ളത്. യു.ഡി.എഫില്‍ ലീഗിന്‌ രണ്ടും കോണ്‍ഗ്രസിനും ജെ.ഡി.യുവിനും ഓരോ അംഗങ്ങള്‍ വീതമാണുള്ളത്.