അനൂപ് മണക്കാട്ടെ ലോട്ടറിക്കടയിൽ
തിരുവനന്തപുരം: കഴിഞ്ഞവര്‍ഷത്തെ 25 കോടിയുടെ ഓണം ബമ്പര്‍ ജേതാവ് ശ്രീവരാഹം സ്വദേശി അനൂപ് ലോട്ടറിക്കച്ചവടത്തിലേക്ക്. മണക്കാട് ജങ്ഷനിലാണ് വെള്ളിയാഴ്ച ഭാഗ്യക്കുറിക്കട തുടങ്ങിയത്. നിലവില്‍ മറ്റ് ഏജന്‍സികളില്‍നിന്ന് ടിക്കറ്റെടുത്ത് വില്‍ക്കുകയാണ്. ഉടന്‍തന്നെ സ്വന്തമായി ഏജന്‍സിയും തുടങ്ങും.
ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ലഭിച്ചതോടെ അനൂപ് വാര്ത്തകളിലിടംപിടിക്കുകയും ചെയ്തിരുന്നു. ലോട്ടറിയാണ് തന്റെ ജീവിതത്തില്‍ ഭാഗ്യമെത്തിച്ചതെന്നും അതുകൊണ്ടാണ് ലോട്ടറിക്കച്ചവടംതന്നെ തുടങ്ങിയതെന്നും അനൂപ് പറയുന്നു. ഭാര്യ മായയുടെയും അനൂപിന്റെയും പേരുകളുടെ ആദ്യക്ഷരം ചേര്‍ത്ത് എം.എ. ലക്കി സെന്റര്‍ എന്നാണ് കടയ്ക്ക് പേരിട്ടിരിക്കുന്നത്.
ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അനൂപ്, സമ്മാനാര്‍ഹനായശേഷം കുറച്ചുനാള്‍ ഓട്ടോ ഓടിച്ചിരുന്നു. സഹോദരനാണ് ഇപ്പോള്‍ ഓട്ടോറിക്ഷ ഓടിക്കുന്നത്. പിന്നീട് ലോട്ടറിയെടുത്തപ്പോള്‍ 5000 രൂപവരെ അനൂപിന് സമ്മാനമായി ലഭിച്ചിട്ടുമുണ്ട്.
കട തുടങ്ങിയതറിഞ്ഞ് ഭാഗ്യവാന്റെ കൈയില്‍ നിന്ന് ലോട്ടറിയെടുക്കാനും ആളുകള്‍ വരുന്നുണ്ട്. ലോട്ടറിയടിച്ചതോടെ അനൂപിന്റെ ശ്രീവരാഹത്തെ വീട്ടില്‍ സഹായാന്വേഷികള്‍ നിരന്തരം എത്തിയിരുന്നു. പരിചയക്കാര്‍മുതല്‍ അപരിചിതര്‍വരെ എത്തിയതോടെ ഇവിടെനിന്നും കുറച്ചുനാള്‍ മാറിത്താമസിച്ചു. ഇപ്പോള്‍ മണക്കാടിനടുത്ത് സ്വന്തമായി വീട് വാങ്ങി.
15.70 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. അതില്‍നിന്ന് മൂന്ന് കോടിയോളം നികുതിയിനത്തില്‍ നല്കി. അനൂപിന് പണം കൈകാര്യംചെയ്യുന്നതില്‍ പരിശീലനം നല്‍കാമെന്ന് ലോട്ടറിവകുപ്പ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പാക്കിയില്ല.
Content Highlights: Onam bumper lottary anoop 15.70 crores manakkad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..