അനന്തുവും കുടുംബവും| Screengrab:Mathrubhumi news
ഇടുക്കി: 'ഈ കുന്നിന് മുകളില്‍ ഒന്ന് ഇറങ്ങി 10 സെന്റ് സ്ഥലം വാങ്ങണം. വെള്ളവും വഴിയുമുള്ള ഒരു വീടാണ് സ്വപ്നം'. സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ച അനന്തുവിന്റെ അച്ഛന്റേയും അമ്മയുടേയും വാക്കുകളാണിത്.
ഇടുക്കി വലിയ തോവാള കാറ്റാടികവല സ്വദേശിയാണ് 24-കാരനായ അനന്തു. കടവന്ത്രയിലെ ക്ഷേത്ര ജീവനക്കാരനായ അനന്തുവിന്റെ വീട് ഒരു കുന്നിന്മുകളിലാണ്.
'ആദ്യം ടെന്‍ഷനായിരുന്നു. സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല ഇത്തരമൊരു ഭാഗ്യം വരുമെന്ന്. ദൈവം കടാക്ഷിച്ചു. ഇനി ഒരു പത്ത് സെന്റ് സ്ഥലം വാങ്ങിക്കണം. ഇപ്പോള്‍ താമസിക്കുന്നിടത്തേക്ക് വഴിയുമില്ല. വെള്ളവുമില്ല. വേനല്‍കാലത്ത് പണം കൊടുത്താണ് വെള്ളം വാങ്ങിച്ചിരുന്നത്. മകളുടെ വിവാഹം. ഇതൊക്കെയാണ് ആഗ്രഹം' അനന്തുവിന്റെ അച്ഛന് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. അനന്തുവിന്റെ അച്ഛന് വിജയന് പെയിന്റിങ് തൊഴിലാളിയാണ്.
ടെക്സ്റ്റൈല്‍ ജീവനക്കാരിയാണ് അമ്മ സുമ. സുമയ്ക്കും അനന്തുവിന്റെ സഹോദരി ആതിരയ്ക്കും വെള്ളവും വഴിയുമുള്ള ഒരുവീട് വേണമെന്ന് തന്നെയാണ് പ്രധാന സ്വപ്നം. അനന്തു പി.ജിക്ക് പോകാന്‍ ആഗ്രഹിച്ചിരുന്നു. പണം ഇല്ലാത്തിനാലാണ് പോകാതിരുന്നത്. ഇളയ മകന് അരവിന്ദിനേയും നന്നായി പഠിപ്പിക്കണം. മറ്റു വലിയ ആഗ്രഹങ്ങളൊന്നുമില്ലെന്നും സുമ പറഞ്ഞു.
എറണാകുളത്ത് ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന ആതിരയ്ക്ക് കൊറോണയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ ചെറിയ രീതിയില്‍ ജൈവ പച്ചക്കറി കൃഷി ചെയ്ത് വരികയാണ് ആതിര. കട്ടപ്പനയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അനന്തുവിന്റെ സഹോദരന് അരവിന്ദ് ഇന്നും ജോലിക്ക് പോയിട്ടുണ്ട്. ബിബിഎ വിദ്യാര്‍ഥിയായ അരവിന്ദ് പാര്‍ട്ട് ടൈമായി ഒരു സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയാണ്. ഇന്ന് അവിടെ സ്റ്റാഫ് കുറവായതിനാലാണ് അരവിന്ദ് ജോലിക്ക് പോയതെന്ന് അമ്മ സുമ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..